കണ്ണുകളുടെ ചലനത്തിലൂടെ നാഡീ തകരാറുകള്‍ തിരിച്ചറിയാം; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 70,000 ഡോളറിന്റെ അവാര്‍ഡ്

കണ്ണുകളുടെ ചലനത്തിലൂടെ നാഡീ തകരാറുകള്‍ തിരിച്ചറിയാം; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 70,000 ഡോളറിന്റെ അവാര്‍ഡ്

ഡാളസ്: കണ്ണുകളുടെ ചലനത്തിലൂടെ നാഡീസംബന്ധമായ തകരാറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ചെലവു കുറഞ്ഞ പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അംഗീകാരം. രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശാസ്ത്ര-ഗണിത പ്രതിഭാ മത്സരത്തിലാണ് അലയ് ഷാ എന്ന 17 വയസുകാരന്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
പ്ലാനോ വെസ്റ്റ് സീനിയര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ അലയ് ഷാ റെജെനെറോണ്‍ സയന്‍സ് ടാലന്റ് മത്സരത്തില്‍ ഏഴാം സ്ഥാനവും 70,000 ഡോളറിന്റെ അവാര്‍ഡും നേടി. ഹൈസ്‌കൂള്‍ സീനിയേഴ്‌സിനുള്ള രാജ്യത്തെ ഏറ്റവും പഴക്കമേറിയ ശാസ്ത്ര-ഗണിത മത്സരമാണിത്. ഡാളസില്‍ പ്ലാനോ നഗരത്തിലാണ് അലയ് ഷാ താമസിക്കുന്നത്.

അലയ് വികസിപ്പിച്ച ഉപകരണം ഇന്‍ഫ്രാറെഡ് ക്യാമറയുടെയും സോഫ്റ്റ്്‌വെയറിന്റെയും സഹായത്തോടെ കണ്ണുകളുടെ ചലനം പരിശോധിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ഡാറ്റ അല്‍ഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്യും. കണ്ണിലെ അസാധാരണമായ പ്രതിഫലനങ്ങളെ തിരിച്ചറിയാന്‍ ഇതു സഹായിക്കുന്നു. പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, എ.ഡി.എച്ച്.ഡി എന്നിവ ബാധിച്ച രോഗികളെ പരിശോധിച്ചപ്പോള്‍ ഓരോ രോഗാവസ്ഥയുമായും ബന്ധപ്പെട്ട അപൂര്‍വമായ നേത്ര പാറ്റേണുകള്‍ അലയ് കണ്ടെത്തി. എം.ആര്‍.ഐ സ്‌കാനിങ്ങിനു ബദലായി ഉപയോഗിക്കാനാകുന്ന പരിശോധനാ സംവിധാനമാണിത്.

ഒന്‍പതാം ക്ലാസ്സില്‍ ഈ പ്രോജക്റ്റ് ആരംഭിച്ചപ്പോള്‍ ഒരുപാടു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നതായി ഷാ പറഞ്ഞു. എനിക്ക് വിശ്വസമുണ്ടായിരുന്നതിനാല്‍ ഈ പ്രോജക്ടില്‍ ഉറച്ചുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഒരുപാട് തവണ പരാജയപ്പെട്ടാലും ഒരു വിജയത്തിന് എല്ലാം പൂര്‍ണ്ണമായി മാറ്റാന്‍ കഴിയുമെന്ന് ഷാ പറഞ്ഞു. യുഎസിലെയും മറ്റ് 10 രാജ്യങ്ങളിലെയും 611 ഹൈസ്‌കൂളുകളെ പ്രതിനിധീകരിച്ച് മത്സരിച്ച 1,760 വിദ്യാര്‍ത്ഥികളില്‍നിന്നാണ് അലയ് ഷാ ഏഴാം സ്ഥാനത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.