കോവിഡ് വാക്‌സിന്‍, ചൈന, കുടിയേറ്റ വര്‍ധന; നയം വ്യക്തമാക്കി ജോ ബൈഡന്റെ ആദ്യ വാര്‍ത്താസമ്മേളനം

കോവിഡ് വാക്‌സിന്‍, ചൈന, കുടിയേറ്റ വര്‍ധന; നയം വ്യക്തമാക്കി ജോ ബൈഡന്റെ ആദ്യ വാര്‍ത്താസമ്മേളനം

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ നൂറ് ദിവസത്തിനുള്ളില്‍ 200 ദശലക്ഷം വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡിനെതിരേ കൂടുതല്‍ ഫലപ്രദമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. ജനുവരി 20 ന് അധികാരമേറ്റശേഷം നിരവധി തവണ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ടെങ്കിലും തന്റെ ഭരണത്തിന്റെ ആദ്യ 50 ദിവസങ്ങള്‍ക്കകം വാര്‍ത്താ സമ്മേളനം നടത്താതിരുന്നതിന് ബൈഡന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റത്തിലുണ്ടായ വര്‍ധന, തോക്ക് നിയന്ത്രണം, ചൈനയും റഷ്യയുമായുള്ള ബന്ധം, അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ തന്റെ നിലപാട് വ്യക്തമാക്കി.

അധികാരമേറ്റ ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി രണ്ടു മണിക്കൂര്‍ സംഭാഷണം നടത്തിയതായി ബൈഡന്‍ വെളിപ്പെടുത്തി. ചൈനയുമായി കടുത്ത മത്സരമുണ്ടെങ്കിലും ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാന്‍ യുഎസ് ശ്രമിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യകരമായ മത്സരത്തെ പോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ചൈനയെ ഒരിക്കലും ആഗോള സാമ്പത്തിക ശക്തിയാകാന്‍ അനുവദിക്കില്ല. അതിനുവേണ്ടി സഖ്യ രാഷ്ട്രങ്ങളുമായുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യയില്‍ അമേരിക്കയുടെ നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യും. വ്‌ളാഡിമിര്‍ പുടിനെപ്പോലെ സ്വേച്ഛാധിപത്യത്തിനാണ് ഭാവിയെന്നും കൂടുതല്‍ സങ്കീര്‍ണ്ണമായ ലോകത്ത് ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ചിന്തിക്കുന്ന ഒരാളാണ് ചൈനീസ് പ്രസിഡന്റ് എന്നും ബൈഡന്‍ പറഞ്ഞു. ഷിയുടെ ശരീരത്തില്‍ ജനാധിപത്യത്തിന്റെ നട്ടെല്ല് ഇല്ലെന്ന് താന്‍ കരുതുന്നു. പക്ഷേ അദ്ദേഹം മിടുക്കനാണ്. തായ്‌വാന്‍, ദക്ഷിണ ചൈന കടല്‍ അടക്കമുള്ള തര്‍ക്കവിഷയങ്ങളില്‍ ചൈനയ്ക്ക് ഉത്തരവാദിത്തം ഉണ്ട്. ചൈനയില്‍ ഉയിഗര്‍ മുസ്ലിംകള്‍ നേരിടുന്നതിനെക്കുറിച്ചും ഹോങ്കോങ്ങില്‍ സംഭവിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നതില്‍നിന്ന് യു.എസ് ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തര കൊറിയ ആണവ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചാല്‍ പ്രതികരിക്കുമെന്നു ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം ദീര്‍ഘനാള്‍ തുടരാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കാനുള്ള മേയ് ഒന്നിലെ സമയപരിധി പാലിക്കുന്നത് ബുദ്ധിമുട്ടാണെന്നും എന്നാല്‍ യുഎസ് സൈനികര്‍ അടുത്ത വര്‍ഷം രാജ്യത്ത് തുടരില്ലെന്നും ബൈഡന്‍ പറഞ്ഞു.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെത്തുന്ന കുടിയേറ്റക്കാരുടെ വര്‍ധന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ബൈഡന്‍ നയം വ്യക്തമാക്കി. അതിര്‍ത്തിയിലെത്തിയ ഭൂരിപക്ഷം പേരും പിന്തിരിഞ്ഞു. എന്നാല്‍ മെക്‌സിക്കോ അംഗീകരിക്കാത്തതിനാല്‍ ചില കുടുംബങ്ങളെ അമേരിക്കയിലേക്ക് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. കുടിയേറ്റങ്ങളിലെ കുതിച്ചുചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെങ്കിലും പ്രശ്‌നം മാനുഷികമായി പരിഹരിക്കുക നിലവിലെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.