തിരുവനന്തപുരം: കിറ്റും ക്ഷേമ പെന്‍ഷന്‍ വിതരണവും മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം നിര്‍ത്തി വയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും പിണറായി ആരോപിച്ചു.
ജനങ്ങള്‍ക്കും നാടിനും പ്രയോജനപ്പെടുന്ന ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് പ്രതിപക്ഷത്തിനും കേന്ദ്ര ഏജന്‍സികള്‍ക്കും ബിജെപിക്കുമുള്ളത്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിന് നല്‍കിയുള്ള സംഘപരിവാര്‍ പ്രചാരണം നാം കണ്ടതാണ്.
സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ബിജെപിക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവച്ച് കൂടുതല്‍ വിലയ്ക്ക് വിറ്റ് ജനങ്ങളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്ന കരിഞ്ചന്തക്കാരന്റെ മനസാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊടുക്കേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവച്ച് അത് വിതരണം ചെയ്യാതെ കാലതാമസമുണ്ടാക്കി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് വിതരണം ചെയ്ത് വോട്ട് തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
കരിഞ്ചന്തക്കാരനും പിണറായി വിജയനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? ഒരു സര്‍ക്കാരും ഇത്രയും അധപതിക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല, ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സെപ്റ്റംബര്‍ മുതല്‍ എട്ടു മാസത്തോളം കുട്ടികളുടെ ഭക്ഷ്യധാന്യ വിതരണം മുടക്കിയത് ആരാണ്? ഈ കുട്ടികളുടെ അന്നം മുടക്കിയത് പിണറായി അല്ലേ? ഇപ്പോഴിത് വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടിയല്ലേ എന്നും ചെന്നിത്തല ചോദിച്ചു.
ഭക്ഷ്യ ധാന്യ വിതരണം മുടങ്ങുന്ന കാര്യം പ്രതിപക്ഷം നിരന്തരം ഓര്‍മ്മിപ്പിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ തരും. നീയൊക്കെ അത് കഴിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് പിണറായി വിജയനുള്ളത്. ഈ ഭക്ഷ്യധാന്യ വിതരണം എകെജി സെന്ററില്‍ നിന്നുള്ളതല്ല. യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, വിഷു, ഈസ്റ്റര്‍ കാലത്തെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.