ഓശാന ഞായറില്‍ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് നേരേ ചാവേര്‍ ബോംബാക്രമണം

ഓശാന ഞായറില്‍ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് നേരേ ചാവേര്‍ ബോംബാക്രമണം

ജക്കാര്‍ത്ത: പുണ്യദിനമായ ഓശാന നാളിലും ഭീതി പടര്‍ത്തി ക്രൈസ്തവ ദേവാലയത്തിനു നേരെ ചാവേര്‍ സ്‌ഫോടനം. ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവിശ്യയിലെ മകാസര്‍ പട്ടണത്തില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രല്‍ വളപ്പിലാണ് ഇന്ന് രാവിലെ 10.30-ന് ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ പുരോഗമിക്കുന്നതിനിടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പള്ളി ജീവനക്കാരും വിശ്വാസികളും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കു പരുക്കേറ്റതായി പുരോഹിതനായ ഫാ. വില്‍ഹെല്‍മസ് തുലക് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മോട്ടോര്‍ ബൈക്കില്‍ പള്ളി മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സ്‌ഫോടമുണ്ടാവുകയായിരുന്നു.

സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്ക് പുറത്തുള്ള കെട്ടിടങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിപ്പിച്ച് പള്ളിയിലെത്തിയവരെ വീട്ടിലേക്കു സുരക്ഷിതമായി മടക്കി അയച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
മുസ്‌ളിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഇതാദ്യമല്ല ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുന്നത് 2018-ല്‍ സുരബയ പട്ടണത്തില്‍ ഞായറാഴ്ച്ച മൂന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ ജമാ അന്‍ഷറുത് ദൗലത്ത് എന്ന ഭീകര സംഘടന നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ദമ്പതികളും നാലു മക്കളുമാണ് അന്ന് കൊല്ലപ്പെട്ടത്. 2002-ല്‍ ബാലി ദ്വീപിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ വിനോദ സഞ്ചാരികളായ 202 പേര്‍ മരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മുസ്ളിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ നിര്‍ണായക സ്വാധീനമായി ക്രിസ്ത്യന്‍ ന്യൂനപക്ഷവുമുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഐ.എസ് ഭീകരര്‍ ഇവിടത്തെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്ത് ആശങ്ക പടര്‍ത്തുകയാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.