കാനഡയുടെ ദയാവധ ബില്ലിനെതിരെ കത്തോലിക്കാ സഭ

കാനഡയുടെ ദയാവധ ബില്ലിനെതിരെ കത്തോലിക്കാ സഭ

കാനഡ : ദയാവധസാധ്യതയെ വളരെയധികം വർധിപ്പിക്കുന്ന പുതിയ ബിൽ പാസാക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുത്ത് കത്തോലിക്കാ സഭയും പ്രോലൈഫ് പ്രവർത്തകരും. മതഭേദമെന്യേ മനുഷ്യ ജീവൻ പവിത്രമാണെന്ന അടിസ്ഥാനവിശ്വാസം പങ്കുവെക്കുന്ന ഒരു വലിയ സമൂഹത്തിനുവേണ്ടിയാണ്‌ താൻ സംസാരിക്കുന്നതെന്നും മനുഷ്യ ജീവൻ എടുക്കുന്നതോ ആത്മഹത്യയെ സഹായിക്കുന്നതോ ആയ ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും, കനേഡിയൻ ബിഷപ്പ്സ് കോണ്ഫറന്സിന്റെ പ്രസിഡണ്ട് ബിഷപ്പ് റിച്ചഡ് ഗാന്യോ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

കാനഡയിൽ 2016 ജൂൺ മുതൽ എതിർപ്പുകൾ അവഗണിച്ചു ദയാവധം നിയമവിധേയമാക്കിയിരുന്നു. മരണം സുനിശ്ചിതമായ സാഹചര്യങ്ങളിൽ സഹനം ദീർഘിപ്പിക്കാതെ മരണത്തെ സ്വീകരിക്കാൻ രോഗികൾക്ക് അനുവാദം നൽകുന്ന നിയമമാണ് സി-14 എന്നറിയപ്പെടുന്ന ബില്ലിലൂടെ അന്ന് പാസായത്. എങ്കിലും മരണത്തിന്റെ സുനിശ്ചിതാവസ്ഥ ഉറപ്പുവരുത്താതെ ദയാവധം അനുവദിക്കാൻ ആകുമായിരുന്നില്ല. വേദനാജനകവും ക്ഷയോന്മുഖവുമായ രോഗങ്ങൾ അനുഭവിക്കുന്ന പലരും ദയാവധം ആഗ്രഹിച്ചെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു.

എന്നാൽ മരണത്തിന്റെ സുനിശ്ചിതാവസ്ഥ കാരണമായി പറഞ്ഞു വേദനാജനകമായ ക്ഷയോന്മുഖ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ദയാവധം നിഷേധിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന്, 2019 സെപ്റ്റംബറിൽ ക്യൂബെക്ക് സുപ്രീം കോടതി ജഡ്ജിയായിരുന്ന ക്രിസ്റ്റിൻ ബുദ്വ നടത്തിയ സുപ്രധാന വിധിയെ തുടർന്ന് നിയമത്തിൽ വരുത്താൻ ശ്രമിക്കുന്ന മാറ്റങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സെറിബ്രൽ പാൽസി ബാധിച്ച അമ്പത്തൊന്നുകാരനായ ജീൻ ട്രൂഷോൻ, പോസ്റ്റ് പോളിയോ മയലൈറ്റിസ് ബാധിച്ച എഴുപത്തിമൂന്നുകാരനായ നിക്കോൾ ഗ്ലാഡ് എന്നിവർചേർന്നു നൽകിയ കേസിനെ ആസ്പദമാക്കിയായിരുന്നു വിധി. മുൻ നിയമപ്രകാരം ദയാവധം നിഷേധിക്കപ്പെട്ട ഇവർക്ക് ആഗ്രഹമുണ്ടെങ്കിൽ അത് നൽകണമെന്ന് കോടതി വിധിച്ചു.

ക്ഷയോന്മുഖ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ദയാവധം നിഷേധിക്കരുതെന്ന ക്യൂബെക്ക് കോടതിവിധിയുടെ മറവിൽ ദയാവധം നൽകുന്നതിന് അന്ത്യസമ്മതം നൽകുന്ന പതിവുകൂടെ നിർത്തലാക്കാൻ ഇപ്പോഴത്തെ ബിൽ പരിശ്രമിക്കുന്നുവെന്നു ബിഷപ്പ് കുറ്റപ്പെടുത്തി. പുതിയ ബിൽ പ്രകാരം മരിക്കണമെന്ന തീരുമാനം മാറ്റാൻ ആഗ്രഹിക്കുന്ന രോഗിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അന്ത്യസമ്മതത്തിന്റെ ആവശ്യമില്ലാത്തതിനാൽ മരണം പുല്കേണ്ടി വരും. പ്രതികരണശേഷി നഷ്ടപ്പെട്ട രോഗിയെ മുൻ ആഗ്രഹപ്രകാരം മരണത്തിലേക്ക് നയിക്കാൻ സാധിക്കും.

ഇപ്പോഴത്തെ ബിൽ ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ടോറോണ്ടോയിലെ ആർച്ച് ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ് ശക്തമായി പ്രതികരിച്ചിരുന്നു. വധിക്കാൻ വ്യഗ്രതകാട്ടുന്ന രാഷ്ട്രീയ പക്ഷങ്ങൾ കൂടുതൽ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള ഇഛാശക്തി കാണിക്കാത്തതെന്താണെന്നു കർദിനാൾ ചോദ്യമുന്നയിച്ചു. മുപ്പതു ശതമാനത്തോളം ആളുകൾക്ക് മാത്രമേ സാന്ത്വന പരിചരണം ലഭ്യമാകുന്നുള്ളെന്നും എല്ലാവർക്കും ആവശ്യമായ സ്വാന്തനപരിചരണം ലഭിച്ചിരുന്നെങ്കിൽ ദയാവധത്തിനായി ഇത്രയും ആളുകൾ ആവശ്യപ്പെടുമായിരുന്നില്ല എന്നും കർദിനാൾ പറഞ്ഞു.

ലോക വ്യാപകമായി കത്തോലിക്കാ വിശ്വാസികൾ ജീവന്റെ മൂല്യത്തിന് വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിൽ പങ്കുചേരുന്നുണ്ട്. ഭ്രൂണഹത്യക്കെതിരായ കത്തോലിക്കരുടെ തീവ്രമായ പോരാട്ടം എല്ലായിടങ്ങളിലും ചലനം സൃഷ്ടിക്കുന്നുണ്ട്.അമേരിക്കയിൽ ഫ്ലോറെൻസിലുള്ള വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തിൽവച്ച് ഫാ. റോബർട്ട് മോറി, ഭ്രൂണഹത്യയെ പിന്തുണക്കുന്ന കാരണത്താൽ, ജോ ബൈഡനു വിശുദ്ധ കുർബാന നിഷേധിച്ച സംഭവം കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം പിടിച്ചിരുന്നല്ലോ ? മനുഷ്യജീവനുവേണ്ടി വാദിക്കുന്നവർക്കു സഭയുടെ നിലപാടുകൾ ആശ്വാസം പകരുന്നു. 

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.