ലോക്ഡൗണ്‍: യാത്രാവിലക്ക് ലംഘിച്ചാല്‍ വന്‍ തുക പിഴയെന്ന് ക്യൂന്‍സ് ലാന്‍ഡ് പോലീസ്

ലോക്ഡൗണ്‍: യാത്രാവിലക്ക് ലംഘിച്ചാല്‍ വന്‍ തുക പിഴയെന്ന് ക്യൂന്‍സ് ലാന്‍ഡ് പോലീസ്

ബ്രിസ്‌ബേന്‍: ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുന്‍പ് ഈസ്റ്റര്‍ അവധി ആഘോഷത്തിനായി വീടുവിട്ടിറങ്ങിയാല്‍ വന്‍ തുക പിഴ നല്‍കേണ്ടി വരുമെന്ന് ഗ്രേറ്റര്‍ ബ്രിസ്‌ബേന്‍ നിവാസികള്‍ക്ക് ക്യൂന്‍സ് ലാന്‍ഡ് പോലീസിന്റെ മുന്നറിയിപ്പ്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏര്‍പ്പെടുത്തിയ മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള ആലോചനയുമുണ്ട്. അവധി ദിവസങ്ങളില്‍ താമസസ്ഥലം വിട്ട് യാത്ര പോയാല്‍ 1,334 ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്നാണ് ക്യൂന്‍സ് ലാന്‍ഡ് പോലീസ് അറിയിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം തുടങ്ങിയതോടെ തിങ്കളാഴ്ച്ച മുതലാണ് ബ്രിസ്‌ബേനില്‍ ത്രിദിന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌കും നിര്‍ബന്ധമാക്കി. ബ്രിസ്ബെയ്ന്‍, ലോഗന്‍, ഇപ്സ്വിച്ച്, റെഡ്ലാന്റ്‌സ് പ്രദേശങ്ങളാണ് ലോക്ക്ഡൗണ്‍ പരിധിയില്‍ വരുന്നത്. ചൊവ്വാഴ്ച രാവിലെ ഗ്രേറ്റര്‍ ബ്രിസ്ബേനില്‍ പത്തിലധികം കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. അതില്‍ എട്ട് പേര്‍ക്ക് പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

കഴിഞ്ഞ ദിവസം ബ്രിസ്‌ബേനില്‍ കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ക്കും നഴ്‌സിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. തീവ്രവ്യാപന ശേഷിയുള്ള കൊറോണ വകേഭദമാണ് ഇവരില്‍ കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ കോവിഡ് രോഗിയെ ചികിത്സിച്ചതിലൂടെയാണ് പ്രിന്‍സസ് അലക്‌സാന്‍ഡ്ര ആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. ഇവിടെത്തന്നെ ഒരു നഴ്‌സിനും പിന്നാലെ രോഗം സ്ഥിരീകരിച്ചു. ഇരുവരും നേരത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. കൊറോണ വൈറസിന്റെ തീവ്ര വ്യാപന ശേഷിയുള്ള യു.കെ വകഭേദമാണ് ബ്രിസ്‌ബേന്‍ നഗരത്തില്‍ പടരുന്നത്.
ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുള്ളില്‍, ബ്രിസ്‌ബേനില്‍ മോട്ടോര്‍വേകളില്‍ വലിയ വാഹനത്തിരക്ക് അനുഭവപ്പെട്ടു. പ്രദേശവാസികളില്‍ പലരും നിയന്ത്രണങ്ങള്‍ക്ക് മുമ്പായി പ്രദേശം വിട്ടുപോയതായി സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.