കണ്ടുതീരാത്ത കാഴ്ചകള്‍ ഏറെയാണ് ലോകത്ത്. ചില വിസ്മയങ്ങള്‍ പ്രകൃതി തന്നെ ഒരുക്കുമ്പോള്‍ മറ്റ് ചിലത് മനുഷ്യനിര്‍മിതങ്ങളാണ്. വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായ നിരവധി നിത്യസുന്ദര കാഴ്ചകളുണ്ട് ലോകത്ത്. അത്തരത്തില്‍ ഒന്നാണ് വെള്ളത്തില്‍ ഒഴുകിനടക്കുന്ന പാലവും.
കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. എന്നാല്‍ ഈ പാലത്തിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. വാഹനങ്ങളില്‍ ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓളപ്പരപ്പ് കാണാം, അനുഭവിക്കാം. അതു തന്നെയാണ് ഈ പാലത്തെ പ്രശസ്തമാക്കിയതും.

മധ് ചൈനയിലെ ഹുബെ പ്രിവിശ്യയിലെ എന്‍ഷി എന്ന പ്രദേശത്താണ് കൗതുകം നിറയ്ക്കുന്ന ഈ ഫ്‌ളോട്ടിങ് ബ്രിഡ്ജ്. അതും രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലുള്ള താഴ്വാരങ്ങളോട് ചേര്‍ന്നു കിടക്കുന്ന നദിയില്‍. ഏകദേശം 500 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുണ്ട് പാലത്തിന്. ഒരേസമയം 10,000 പേര്‍ക്ക് പാലത്തിലൂടെ നടക്കാനും സാധിക്കും.
വാഹനങ്ങളിലാണ് പാലത്തിലൂടെ പോകുന്നതെങ്കില്‍ വെള്ളത്തിന് തൊട്ടുചേര്‍ന്ന് പോകുന്നതുപോലെ തോന്നും. ഇനി നടക്കുകയാണെങ്കിലോ കാലു നനയാതെ വെള്ളത്തിലൂടെ നടക്കുന്ന അനുഭവവും. എന്‍ഷി എന്ന പ്രദേശം തന്നെ മനോഹരകാഴ്ചകളുടെ സുന്ദരമായ ഒരു പറുദീസയാണ്. ലോകം ചുറ്റാനിറങ്ങുന്ന പലരും തെരഞ്ഞുപിടിക്കുന്ന സ്ഥലങ്ങളിലൊന്ന്.

2016-ലാണ് അപൂര്‍വ്വ അനുഭവം സമ്മാനിക്കുന്ന ഈ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സന്ദര്‍ശനത്തിന് അനുവാദം നല്‍കിയത്. തുടക്കത്തില്‍ പാലത്തിലൂടെ നടക്കാന്‍ മാത്രമായിരുന്നു അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ചെറിയ കാറുകള്‍ക്കും മറ്റും പാലത്തിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കി. പല സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടംകൂടിയാണ് ഇവിടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.