ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകും; യു.എസില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ നീക്കി

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകും; യു.എസില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ നീക്കി

വാഷിങ്ടണ്‍: യു.എസില്‍ എച്ച് 1 ബി ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡന്‍ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങള്‍ അവസാനിച്ചത്. എച്ച് 1 ബിക്കു പുറമേ എച്ച് 2 ബി, എല്‍ 1, ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളും ഇതോടെ നീങ്ങി.

ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിനാളുകള്‍ക്ക് നേട്ടമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഐടി മേഖലയില്‍ തൊഴില്‍
ചെയ്യുന്നവര്‍ക്കായിരിക്കും തീരുമാനം കൂടുതല്‍ നേട്ടമാകുക. പ്രതിവര്‍ഷം നല്‍കുന്ന 85,000 എച്ച് -1 ബി വിസകളില്‍ 70 ശതമാനവും ഇന്ത്യന്‍ പ്രൊഫഷണലുകളാണ് ഉപയോഗപ്പെടുന്നത്.

യു.എസ്. കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ. കഴിഞ്ഞവര്‍ഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളി വിസകള്‍ താല്‍കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഡിസംബര്‍ 31-ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

ശാസ്ത്ര, എന്‍ജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടല്‍, നിര്‍മാണ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച് 2 ബി വിസ നല്‍കുന്നത്. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ എല്‍ 1 വിസയും ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.

ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ക്രൂരമാണെന്ന് പറഞ്ഞ ബൈഡന്‍ എച്ച് 1 ബി വിസ വിലക്ക് നീക്കുമെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. അതേസമയം, വിദേശ തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ അമേരിക്കക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന നടപടി തുടരണമെന്ന് മിസോറിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ജോഷ് ഹാലി പറഞ്ഞു. ഒരുകോടിയോളം പേര്‍ രാജ്യത്ത് തൊഴിലന്വേഷകരായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.