അവസാന പ്രചാരണ ചൂടിൽ രാഷ്ട്രീയ കേരളം; വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

അവസാന പ്രചാരണ ചൂടിൽ രാഷ്ട്രീയ കേരളം; വോട്ടുറപ്പിക്കാന്‍  മുന്നണികള്‍

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ പ്രചരണ ചൂടിൽ രാഷട്രീയ കേരളം. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആവേശത്തിന് ഒട്ടും കുറവില്ല. അവസാനവട്ട പ്രചാരണം ശക്തമായ നീക്കത്തിലാണ് എൽഡിഎഫ്, യുഡിഎഫ്, എൻ.ഡി.എ. മുന്നണികൾ.

വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും അണികളും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റോഡ് ഷോകളിൽ പങ്കെടുത്തു.


ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ റോഡ് ഷോ ഒന്നേകാൽ മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. പെരളശ്ശേരിയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രൻസും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.


കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്നും രമേശ് ചെന്നിത്തല ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് രമേശ് ചെന്നിത്തല പ്രതികരിച്ചു. യു.ഡി.എഫ്. സർക്കാർ വരാൻ പോവുകയാണെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട്ട് റോഡ് ഷോയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി.  കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പമാണ് രാഹുൽ റോഡ് ഷോ നടത്തിയത്. നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുക്കാൻ രാഹുൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.

എന്നാൽ തങ്ങളുടെ ശക്തമായ കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് എൻ.ഡി.എ. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇന്നലെ കോഴിക്കോട്ട് നടന്ന റോഡ് ഷോയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തിരുന്നു. ഇന്നത്തോടെ പരസ്യപ്രചരണം അവസാനിക്കും. ഏപ്രിൽ ആറിന് പോളിംഗ് ബൂത്തുകളിൽ ജനവിധി രേഖപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.