സാവോ പോളോ : കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ഒരു ദിവസം വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 4,000 കടന്നു. ദിവസം ഇത്രയേറെ മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണു ബ്രസീല്‍. ആശുപത്രികള്‍ കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞു. ആരോഗ്യ മേഖല അതീവ സമ്മര്‍ദം അനുഭവിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അവസാന 24 മണിക്കൂറില്‍ 4,195 പേരുടെ കോവിഡ് മരണം രേഖപ്പെടുത്തിയതായി ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചവര്‍ 3.40 ലക്ഷത്തിന് അടുത്താണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ചു മരിച്ചതും ബ്രസീലില്‍. യുഎസിലും പെറുവിലും മാത്രമാണ് ദിവസം നാലായിരത്തിലേറെ മരണം ഉണ്ടായിട്ടുള്ളത്.
ഓക്സിജന്‍ അടക്കം വേണ്ട ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാകാതെയാണു നൂറുകണക്കിനാളുകള്‍ മരിക്കുന്നതെന്നാണു വിലയിരുത്തല്‍. രാജ്യത്തെ മൂന്നു ശതമാനം ആളുകള്‍ക്കു മാത്രമാണ് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുള്ളതും.
യുഎസില്‍ ഇതുവരെ 5.70 ലക്ഷത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. മെക്സിക്കോയില്‍ രണ്ടു ലക്ഷത്തിലേറെ പേരും ഇന്ത്യയില്‍ 1.60 ലക്ഷത്തിലേറെ പേരുമാണ് ഇതുവരെ മരിച്ചിരിക്കുന്നത്. യുകെ, ഇറ്റലി, റഷ്യ എന്നിവിടങ്ങളിലും ഒരു ലക്ഷം കടന്നു. ഫ്രാന്‍സില്‍ ഒരു ലക്ഷത്തിന് അടുത്താണു മരണസംഖ്യ.
ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം സാവോ പോളോയില്‍ അവസാന 24 മണിക്കൂറില്‍ 1,400 പേരാണു മരിച്ചത്. ഈസ്റ്റര്‍ മൂലം സ്ഥിരീകരിക്കുന്നതു വൈകിയ കഴിഞ്ഞ ദിവസത്തെ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരാഴ്ചത്തെ ഭാഗിക അടച്ചുപൂട്ടല്‍ മൂലം സാവോ പോളോയില്‍ പുതിയ കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സാമ്പത്തിക വ്യവസ്ഥ തകരുന്നു എന്ന ഭീതിയില്‍ ഗവര്‍ണര്‍മാരും മേയര്‍മാരും ജഡ്ജിമാരും പലയിടത്തും എല്ലാം വീണ്ടും തുറക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. മറ്റു വഴിയില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍, ഇതു സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. പ്രസിഡന്റ് ഹയര്‍ ബൊല്‍സനാരോയുടെ ലോക് ഡൗണ്‍ വിരുദ്ധ നിലപാടാണു വിജയിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.