ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി: പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.പി.എല്‍, റമ്മി സര്‍ക്കിള്‍ അടക്കമുള്ള കമ്പനികളാണ് കോടതിയെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി 29ാം തീയതി വീണ്ടും പരിഗണിക്കും.

ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഓണ്‍ലൈന്‍ റമ്മികളിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. വിഷയം നിയമകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.