കോവിഡ് വ്യാപനം രൂക്ഷം: നോയ്ഡയില്‍ ഇന്നുമുതല്‍ നൈറ്റ് കര്‍ഫ്യൂ

കോവിഡ് വ്യാപനം രൂക്ഷം: നോയ്ഡയില്‍ ഇന്നുമുതല്‍ നൈറ്റ് കര്‍ഫ്യൂ

ലക്നൗ: കോവിഡ് മഹാരമാരിയുടെ രണ്ടാം ഘട്ടം അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാന പ്രദേശമായ നോയ്ഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയബാദ് എന്നീ ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് യുപി സർക്കാർ.

ഉത്തര്‍പ്രദേശിന്റെ ഭാഗമായ നോയ്ഡയില്‍ ഇന്നുമുതൽ ഏപ്രിൽ 17 വരെ രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയത്ത് പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അവശ്യസാധനങ്ങളുടെ ചരക്കുനീക്കം, വൈദ്യസഹായം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ് കോളജുകൾ ഒഴികെ) ക്ലാസുകൾ നടത്തുന്നതിന് ഏപ്രിൽ 17 വരെ വിലക്കേർപ്പെടുത്തി. എന്നാൽ പ്രക്ടിക്കൽ ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇന്ത്യയില്‍ ആദ്യമായി ഒരു ലക്ഷം രോഗികളുടെ കണക്ക് കവിഞ്ഞത് കഴിഞ്ഞ ദിവസമാണ്. അതിനു ശേഷം തുടര്‍ച്ചയായി മൂന്നു ദിവസവും ഒരുലക്ഷത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആളുകള്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്നതും കൂടുതലായി കൂട്ടം കൂടി നില്‍ക്കുന്നതുമാണ് പോസിറ്റീവ് കേസുകള്‍ കൂടാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏകദേശം 1.29 കോടി കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഇന്ത്യ അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ്. 685 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് ഇപ്പോള്‍ 166,862 ലെത്തി നില്‍ക്കുന്നു.ഈ സാഹചര്യത്തിൽ ഇന്നുമുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിച്ച പൗരന്മാര്‍ക്കും രണ്ടാഴ്ചത്തേക്ക് അവരുടെ സ്വന്തം രാജ്യത്തെ പ്രവേശിക്കാന്‍ സാധിക്കുകയില്ല.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന്‍ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ വാക്സിന്‍ തീര്‍ന്നത് കാരണം പല വാക്സി൯ സെന്ററുകളും സമയത്തിനു മുന്‍പ് തന്നെ അടച്ചു. സംസ്ഥാനത്തെ പകുതിയോളം വാക്സി൯ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതായി ഒഡിഷ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.