കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 10 റണ്‍സ് ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 10 റണ്‍സ് ജയം

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 10 റണ്‍സ് ജയം. മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ ആദ്യ ജയമാണിത്. മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 152 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നേടിയ കൊല്‍ക്കത്ത ഒയിന്‍ മോര്‍ഗന്‍ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. രോഹിതും ഡി കോക്കും ചേര്‍ന്നാണ് മുംബൈയ്ക്ക് വേണ്ടി ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ തന്നെ ആറുപന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് ഡി കോക്ക് മടങ്ങി.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് ഹര്‍ഭജന്‍ സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി. രോഹിതും സൂര്യകുമാറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.സൂര്യകുമാര്‍ തൊട്ടുപിന്നാലെ പുറത്തായി. 36 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സുമായി 56 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഇഷാന്‍ കിഷന് ഒരു റണ്‍സ് മാത്രമെടുത്ത് വന്നപോലെ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച്‌ രോഹിത് സ്‌കോര്‍ 100 കടത്തി. 15-ാം ഓവറില്‍ രോഹിത്തും പുറത്തായതോടെ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി മുംബൈ. 43 റണ്‍സെടുത്തായിരുന്നു രോഹിത്തിന്റെ മടക്കം.

തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തി. പിന്നാലെ വെറും അഞ്ച് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ പുറത്താക്കി. യുവതാരം ജാന്‍സനെ തൊട്ടടുത്ത പന്തില്‍ പറഞ്ഞയച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 150 കടത്തിയത്. ഒന്‍പത് പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത ക്രുനാല്‍ അവസാന ഓവറില്‍ പുറത്തായി.

കൊല്‍ക്കത്തയ്ക്കായി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. റ്റ് കമ്മിന്‍സ് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസ്സന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കരുതലോടെ തുടങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും മികച്ച തുടക്കം നല്‍കി. ഏഴോവറില്‍ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ 72-ല്‍ നില്‍ക്കെയാണ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് വീണത്. 33 റണ്‍സെടുത്ത ഗില്‍ പുറത്തായി. പിന്നാലെ വന്ന രാഹുല്‍ ത്രിപതി വെറും അഞ്ചു റണ്‍സെടുത്ത് പുറത്തായി. നായകന്‍ ഒയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് റാണ 12.1 ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തി.

സ്‌കോര്‍ 104-ല്‍ നില്‍ക്കെ വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് ഒയിന്‍ മോര്‍ഗന്‍ മടങ്ങി. അധികം വൈകാതെ 47 പന്തുകളില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സും അടിച്ച്‌ 57 റണ്‍സെടുത്ത റാണയും പുറത്തായി. തൊട്ടടുത്ത ഓവറില്‍ ഒൻപത് റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും മടങ്ങി. അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 19 റണ്‍സ് വേണമെന്ന നിലയിലായിരുന്നു. ദിനേഷ് കാര്‍ത്തിക്-ആന്ദ്രെ റസ്സല്‍ സഖ്യമാണ് ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങി. വിജയിക്കാന്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന നിലയിലായി. അവസാന ഓവറിലെ മൂന്നാം പന്തില്‍ റസ്സലും അടുത്ത പന്തില്‍ പാറ്റ് കമ്മിന്‍സും പുറത്തേക്ക്. ഇതോടെ മുംബൈ വിജയമുറപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.