ന്യൂ സൗത്ത് വെയില്‍സില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന; ദമ്പതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

ന്യൂ സൗത്ത് വെയില്‍സില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന; ദമ്പതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ 2016-ലും 2017-ലും തീവ്രവാദ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ ദമ്പതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. സമേ ബെയ്ഡയ്ക്കും ഭാര്യ അലോ-ബ്രിഡ്ജെറ്റ് നമോവയ്ക്കും കീഴ്‌ക്കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.

ഭര്‍ത്താവ് നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കില്ലെന്നും തന്റെ ശിക്ഷ റദ്ദാക്കണമെന്നുമുള്ള സിഡ്‌നി സ്വദേശിയായ ഭാര്യയുടെ അപ്പീല്‍ തള്ളിക്കളഞ്ഞാണ് ബെയ്ഡ, നമോവ എന്നിവരുടെ ശിക്ഷ ശരിവച്ചത്. സംഭവത്തില്‍ ബെയ്ഡയെ നാലു വര്‍ഷവും നമോവയെ മൂന്ന് വര്‍ഷവും ഒമ്പത് മാസവും തടവിന് 2019-ല്‍ കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു.

ഇസ്ലാമിക ആചാരപ്രകാരം 2015-ല്‍ വിവാഹിതരായ ദമ്പതികള്‍ ഭീകരാക്രമണത്തിന് ഒരുമിച്ച് ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നു ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 2015 ലെ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രൈമറി സ്‌കൂളില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ ബെയ്ഡയും നമോവയും വിവാഹം കഴിക്കുമ്പോള്‍ 18 വയസു മാത്രമായിരുന്നു പ്രായം. അവരുടെ ബന്ധം വളരെ അപക്വമായിരുന്നുവെന്നും വിചാരണ വേളയില്‍ തെളിയിക്കപ്പെട്ടു.

ഭീകരാക്രമണങ്ങള്‍ നടന്നില്ലെങ്കിലും ഒരു സംഘം ചെറുപ്പക്കാരുമായി ചേര്‍ന്ന് ആക്രമണത്തിന് ബെയ്ഡ പദ്ധതിയിടുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ബെയ്ഡയും നമോവയും തമ്മിലുള്ള സന്ദേശങ്ങളില്‍ ആക്രമണത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചതായും അതില്‍ അദ്ദേഹം കൊല്ലപ്പെടുമെന്നു നമോവ പ്രതീക്ഷിച്ചിരുന്നതായും കാണാം. താന്‍ മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ആക്രമണം താന്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ അപകടകരമാണെന്ന് നമോവയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും ബെയ്ഡ പറഞ്ഞു.

ഭര്‍ത്താവ് നടത്തിയ ഗൂഢാലോചനയില്‍ ഭാര്യയെ ശിക്ഷിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് നമോവ വിചാരണ വേളയില്‍ പറഞ്ഞു. ദമ്പതികള്‍ മാത്രമായി ഗൂഢാലോചന നടത്താന്‍ കഴിയില്ലെന്ന് ഒരു പൊതു നിയമമുണ്ടെന്ന് നമോവ വാദിച്ചിരുന്നു. യുകെ, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നടന്ന ഗൂഢാലോചനാ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളില്‍ പങ്കാളിയുടെ സ്ഥാനം വിശദീകരിക്കുന്ന ഭാഗങ്ങള്‍ നമോവ ഉദ്ധരിച്ചിരുന്നു.

എന്നാല്‍ ചരിത്രപരമായ നിലപാട് എന്തുതന്നെയായാലും, ദമ്പതികളെ ഒരൊറ്റ വ്യക്തിത്വമായി കാണാനാവില്ലെന്നും രണ്ട് വ്യക്തികളായി പരിഗണിച്ച് പരസ്പരം ഗൂഢാലോചന നടത്തിയതിന് ഭാര്യാഭര്‍ത്താക്കന്മാരെ കുറ്റക്കാരാക്കാമെന്നും ഹൈക്കോടതി ജസ്റ്റിസ് ജാക്വലിന്‍ ഗ്ലീസണ്‍ ചൂണ്ടിക്കാട്ടി.

ഭാര്യാ ഭര്‍ത്താക്കന്മാരുടെ നിയമപരമായ വ്യക്തിത്വം സംബന്ധിച്ച് ഓസ്ട്രേലിയന്‍ നിയമത്തില്‍ ഒരു തത്വവും നിലവിലില്ല. ദമ്പതികളാണെങ്കിലും ഓരോ വ്യക്തിക്കും നിയമം വ്യക്തിപരമായി ബാധകമാണെന്നും അതിനാല്‍ ഗൂഢാലോചന ആരോപണങ്ങള്‍ നമോവയ്ക്ക് ബാധകമാണെന്നും ജസ്റ്റിസ് ഗ്ലീസണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26