ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷമായി ഉയരുമെന്നും കോവിഡിന്റെ രണ്ടാം തരംഗം മേയ് അവസാനം വരെ തുടരാമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം ഏഴ് ശതമാനം വരും. അത് വളരെ ഉയര്‍ന്ന വര്‍ധനവാണ്. ഈ നിരക്ക് തുടരുകയാണെങ്കില്‍ പ്രതിദിനം മൂന്ന് ലക്ഷം കേസുകള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുമെങ്കിലും മാരകമാണെന്ന് പറയാനാകില്ല. എങ്കിലും മുന്‍കരുതല്‍ എടുത്തേ മതിയാകൂ. ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് പ്രസക്തിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഭാരത് ബയോടെക്കിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.
രേഖകള്‍ പരിശോധിച്ചാല്‍ രണ്ട് കമ്പനികളും ഇതുവരെ ഏകദേശം 310-320 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിച്ചു. അതില്‍ 120 ദശലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ ഉപയോഗിച്ചു. ഏകദേശം 65 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. രാജ്യത്ത് 100 ദശലക്ഷം ഡോസുകള്‍ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ 2021 അവസാനത്തോടെ കോവിഡ് അവസാനിക്കുമെന്നും ഏഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും 2022 വരെ നീണ്ടുനില്‍ക്കുമെന്നും ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.
അതിനിടെ രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്സിന്‍ നല്‍കിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉല്‍പാദനം വെട്ടിക്കുറച്ചതു കൊണ്ടാണ് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. ഈ സാഹചര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉല്‍പാദകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും റെംഡെസിവിറിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികള്‍ക്കെതിരെ കര്‍ഷന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്നും മറ്റുരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിലവിലെ രീതിയില്‍ വാക്സിന്‍ വിതരണം തുടര്‍ന്നാല്‍ രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാക്സിന്‍ ക്ഷാമമില്ലെന്നും പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിക്കളയുന്നതാണ് പ്രശ്നമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.