സിഡ്‌നി: ഓസ്‌ട്രേലിയയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ സാധനങ്ങള്‍ക്കൊപ്പം ദമ്പതികള്‍ക്ക് ലഭിച്ചത് ഉഗ്രവിഷമുള്ള പാമ്പും. ലെറ്റൂസ് പാക്കറ്റിനുള്ളിലാണ് ഹോപ്ലോസെഫാലസ് ബിറ്റോര്‍ക്വാറ്റസ് വിഭാഗത്തില്‍പെട്ട വിഷമുള്ള പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. സിഡ്‌നിയിലെ ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിലാണു സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു അലക്‌സാണ്ടര്‍ വൈറ്റും ഭാര്യ അമേലി നീറ്റും.
20 സെന്റിമീറ്ററോളം നീളമുള്ള പാമ്പ് സൂപ്പര്‍മാര്‍ക്കറ്റിലെ ഗ്രോസറി കാബിനറ്റിലെ ലെറ്റൂസ് പാക്കറ്റിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. പാമ്പുണ്ടെന്നു തിരിച്ചറിയാതെ പാക്കറ്റ് എടുത്ത് മറ്റ് സാധനങ്ങള്‍ക്കൊപ്പം വച്ചു. സാധനങ്ങള്‍ വയ്ക്കുന്ന ട്രോളി എടുത്തിരുന്നില്ല. കൈയിലാണ് ലെറ്റൂസ് പാക്കറ്റ് പിടിച്ചിരുന്നത്. തുടര്‍ന്ന് വീട്ടിലെത്തി സാധനങ്ങളുടെ പാക്കറ്റുകള്‍ പൊട്ടിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. അത് അനങ്ങുകയും അതിന്റെ ചെറിയ നാവ് നീട്ടുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് വൈറ്റ് പറഞ്ഞു.
നാവ് കണ്ടപ്പോഴാണ് അതൊരു പുഴു അല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വന്യജീവി റെസ്‌ക്യൂ സംഘടനയായ വയര്‍സിനെ വിവരം അറിയിച്ചു.
ഓസ്ട്രേലിയയിലെ വിഷമുള്ളതും ആക്രമണകാരിയുമായ തവിട്ടുനിറമുള്ള പാമ്പിന്റെ കുഞ്ഞാണിതെന്ന് അവര്‍ പറഞ്ഞു. പൊതുവെ നാണംകുണുങ്ങിയാണെങ്കിലും പ്രകോപിപ്പിച്ചാല്‍ അവ ആവര്‍ത്തിച്ച് കടിക്കും. ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിന്റെ പഠനം അനുസരിച്ച്, ഈ വിഭാഗത്തിലുള്ള പാമ്പുകള്‍ കടിച്ച് മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കഠിനമായ തലവേദന, കാഴ്ച മങ്ങല്‍, രക്തസ്രാവം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കടിയേറ്റാല്‍ വേഗം ആശുപത്രിയില്‍ ചികിത്സ തേടണം.
രാത്രി വയര്‍സില്‍നിന്ന് പാമ്പിനെ കൈകാര്യം ചെയ്യുന്ന വിദഗ്ധനെത്തി. പാമ്പിനെ കാട്ടിലേക്കു സുരക്ഷിതമായി വിടുമെന്ന് വയര്‍സ് അറിയിച്ചു. ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റിന്റെ സഹായത്തോടെ ലെറ്റൂസ് കൊണ്ടുവന്ന സ്ഥലം തൂവൂമ്പയാണെന്നു കണ്ടെത്തി.
പാമ്പ് എങ്ങനെ ലെറ്റൂസ് പാക്കറ്റിനുള്ളില്‍ എത്തിയെന്ന് അന്വേഷിക്കാന്‍ ഉല്‍പന്ന വിതരണക്കാരനുമായി ബന്ധപ്പെട്ടതായി ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.