അബോര്‍ഷനോട് നോ പറഞ്ഞ അമ്മയുടെ ഇരട്ട മക്കള്‍ ഇന്ന് വൈദികര്‍.

അബോര്‍ഷനോട് നോ പറഞ്ഞ അമ്മയുടെ ഇരട്ട മക്കള്‍ ഇന്ന് വൈദികര്‍.

അള്‍ട്രാസൗണ്ടില്‍ അസാധാരണ രൂപത്തില്‍ ഗര്‍ഭസ്ഥശിശുവിനെ കണ്ട ഡോക്ടര്‍ അമ്മയോട് പറഞ്ഞത് ഈ കുട്ടിയെ വേണ്ടെന്ന് വയ്ക്കാം എന്ന് തന്നെയാണ്. ഡോക്ടറുടെ മറുപടി കേട്ട് ആദ്യമൊന്ന് നടുങ്ങിയെങ്കിലും ആ ഗര്‍ഭിണി അന്ന മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. വേണ്ട ഡോക്ടര്‍.ഞാനെന്റെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യുന്നില്ല. ദൈവം എന്താണോ എനിക്ക് നല്കുന്നത് അത് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. പുഞ്ചിരിയോടെ എണീറ്റുപോകുന്ന ആ ഗര്‍ഭിണിയെ നോക്കി നെടുവീര്‍പ്പെടാന്‍ മാത്രമേ ഡോക്ടര്‍ക്ക് കഴിഞ്ഞുള്ളൂ. റോസാ സില്‍വ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. ഫാ. പൗലോയുടെയും ഫാ. ഫെലിപ്പിയുടെയും അമ്മ. അബോര്‍ഷന്‍ ചെയ്തുകളയണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച കുഞ്ഞ് ഇരട്ടകളായിരുന്നുവെന്നതും ആ രണ്ടുകുട്ടികളാണ് ഇന്നത്തെ ഫാ. പൗലോയും ഫാ. ഫെലിപ്പിയുമായി അള്‍ത്താരയില്‍ ദൈവശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്നത് എന്നതും അനുബന്ധം.

 1984 ല്‍ ജനിച്ച ഈ ഇരട്ടസഹോദരങ്ങള്‍ 2013 ല്‍ വൈദികരായി അഭിഷിക്തരായി.

 എന്നാല്‍ പൗരോഹിത്യത്തിലേക്കുള്ള വഴികള്‍ കരുതും പോലെ എളുപ്പമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. കത്തോലിക്കാ വിശ്വാസത്തിലാണ് വളര്‍ന്നുവന്നതെങ്കിലും അപ്രതീക്ഷിതമായ പല സംഭവങ്ങള്‍ക്കും അവര്‍ സാക്ഷികളായി. സോസര്‍ കളിക്കാരായിരുന്ന അവര്‍ക്ക് പതിനാലാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടു.ഡിവോഴ്‌സായിരുന്നു കാരണം. പതിനാറാം വയസുമുതല്‍ സോസറില്‍ നിന്ന് അവര്‍ വിശ്വാസപരമായ കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ആരംഭിച്ചു. അങ്ങനെ 18 ാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. പക്ഷേ ഇരുവരും തങ്ങളുടെ ദൈവവിളിയുടെ കാര്യം സ്വകാര്യമായി സൂക്ഷിക്കുകയാണ് ചെയ്തത്. കാരണം മറ്റൊരാളുടെ തീരുമാനത്തെ തന്റെ തീരുമാനം സ്വാധീനിക്കരുതെന്നും സ്വന്തം ഇഷ്ടപ്രകാരം മാത്രമായിരിക്കണം ദൈവവിളിയെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പൗരോഹിത്യത്തിലേക്ക് ഇരുവരും വ്യത്യസ്തരീതിയിലാണ് ആകൃഷ്ടരായത്. പക്ഷേ അന്തിമഫലം ഒന്നുതന്നെയായിരുന്നു. ദൈവം എല്ലാം നല്ലതിനായി കരുതിവയ്ക്കുന്നു. ഈ സഹോദരവൈദികര്‍ പറയുന്നു.

 അമ്മയുടെ സ്‌നേഹവും ത്യാഗവുമാണ് തങ്ങളുടെ ജീവിതത്തിന്റെ നിലനില്‌പെന്നും ഈ സഹോദരങ്ങള്‍ ഏറ്റുപറയുന്നു. പൗരോഹിത്യം മനോഹരമായ ഒരു ദൈവവിളിയാണ്. അത് ഇന്ന് ഞങ്ങളെ സന്തുഷ്ടരാക്കിയിരിക്കുന്നു. വൈദികര്‍ പറയുന്നു. 

ദൈവത്തിന്റെ വഴികള്‍ നമ്മുടേതുപോലെയല്ല. ദൈവവിളികളുടെ വ്യത്യസ്തവഴികള്‍ ആരറിയുന്നു അല്ലേ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26