മനുഷ്യ ഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ബൈഡൻ ഉത്തരവിറക്കി

മനുഷ്യ ഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ബൈഡൻ ഉത്തരവിറക്കി

വാഷിംഗ്ടൺ: മനുഷ്യഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ നടത്തുവാൻ അമേരിക്കൻ സർവകലാശാല ഗവേഷകർക്കും സർക്കാർ ശാസ്ത്രജ്ഞർക്കും ട്രംപ് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ബൈഡൻഭരണകൂടം പിൻ വലിച്ചുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിറക്കി.

2019 ൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്കും ഫെഡറൽ ഗ്രാന്റുകൾക്കും ഒരു എത്തിക്സ് അഡ്വൈസറി ബോര്ഡിന്റെ അവലോകനത്തിന് വിധേയമാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾഇറങ്ങിയ ഉത്തരവ് അനുസരിച്ച് ബയോമെഡിക്കൽ പഠനത്തിനായി മനുഷ്യ ഭ്രൂണങ്ങളെ വാങ്ങുന്നതിന് ഫെഡറൽ പണം ഉപയോഗിക്കുന്നതിന് ഗവേഷകരെയും സർക്കാർ സ്ഥാപനങ്ങളെയും അനുവദിക്കുന്നു .

രണ്ട് വർഷം മുമ്പ്, മനുഷ്യഭ്രൂണങ്ങളിൽ നിന്നുള്ള സെല്ലുകളെ ആശ്രയിക്കുന്ന പഠനങ്ങളിൽ സർക്കാർ പണം തുടർന്നും നിക്ഷേപിക്കേണ്ടതുണ്ടോ എന്ന ചോദ്യം അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഉയർന്നു വന്നിരുന്നു. ഇതേത്തുടർന്ന് ഗർഭച്ഛിദ്രത്തെ എതിർക്കുന്ന നയം സ്വീകരിച്ചിരുന്ന ട്രംപ് തന്റെ മെഡിക്കൽ ഉപദേശകരുടെ നിർദേശങ്ങളെ വകവയ്ക്കാതെ ഇത്തരം പഠനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുവാൻ തീരുമാനിച്ചത് അമേരിക്കയിൽ  കോളിളക്കം സൃഷ്‍ടിച്ചു.

മനുഷ്യ ഭ്രൂണ കോശങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണം ചെയ്യുന്നതിനുള്ള ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ബൈഡെൻ ഭരണകൂടം നീക്കം ചെയ്യുന്നതിനെ ശാസ്ത്ര സമൂഹം സ്വാഗതംചെയ്യുന്നുവെന്ന് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സ്റ്റെം സെൽ റിസർച്ചിന്റെ പ്രസിഡന്റ് ക്രിസ്റ്റിൻ മമ്മറി പ്രസ്താവനയിൽ പറഞ്ഞു.

 ഇത്തരം നീക്കങ്ങൾക്കെതിരെ ഗർഭച്ഛിദ്രത്തിനെതിരെ പോരാടുന്ന ഗ്രൂപ്പായ മാർച്ച് ഫോർ ലൈഫ് ആക്ഷൻ പ്രസിഡന്റ് ടോം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പുതിയ നിയമം മൂലം അനുവദിക്കുന്ന ഗവേഷണങ്ങൾ മനുഷ്യാന്തസ്സിന്റെ കടുത്ത ലംഘനമാണെന്നും ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ശിശു ശരീര ഭാഗങ്ങൾക്കായുള്ള വിപണന കേന്ദ്രം സൃഷ്ടിക്കുന്നതിനുള്ള ഒരു ബിസിനസ്സും സർക്കാരിനു നല്ലതല്ല എന്നും പ്രസ്താവിച്ചു.

ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലൂടെ ഇത്തരം ഗവേഷണങ്ങൾക്കായി ശിശുക്കളെ ലഭ്യമാക്കുക എന്ന ആവശ്യമാണ് നിറവേറ്റുന്നത്. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ച് മറ്റു ജീവികളുടെ സങ്കര വർഗ്ഗങ്ങൾ മനുഷ്യാവയങ്ങൾക്കായി നിർമ്മിക്കുക എന്ന വൻ വ്യവസായത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ. ഗർഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുവാൻ സർക്കാർ സഹായം നിരോധിച്ചതിനാൽ നിലച്ചുപോയ ഗവേഷണങ്ങൾ പുനരാരംഭിക്കുമ്പോൾ അനേകം അമ്മമാരുടെ ഗർഭപാത്രങ്ങൾ വീണ്ടും കൊലക്കളങ്ങളാകാൻ പോകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.