സിഡ്‌നി നഗരത്തിലെ പാലത്തിനടിയില്‍ താമസിച്ച് ചവറ്റുകുട്ടയില്‍നിന്ന് ഭക്ഷണം കഴിച്ച അഭയാര്‍ഥിക്ക് ഒളിമ്പിക്‌സ് യോഗ്യത നിഷേധിച്ചു; ഓസ്ട്രേലിയയില്‍ വിമര്‍ശനം

സിഡ്‌നി നഗരത്തിലെ പാലത്തിനടിയില്‍ താമസിച്ച് ചവറ്റുകുട്ടയില്‍നിന്ന് ഭക്ഷണം കഴിച്ച അഭയാര്‍ഥിക്ക് ഒളിമ്പിക്‌സ് യോഗ്യത നിഷേധിച്ചു; ഓസ്ട്രേലിയയില്‍ വിമര്‍ശനം

സിഡ്‌നി: സിഡ്‌നി നഗരത്തിലെ പാലത്തിനടിയില്‍ താമസിച്ച്, ചവറ്റുകുട്ടയില്‍നിന്ന് ഭക്ഷണം കഴിച്ച് അഭയാര്‍ഥിയായ അസിം ഓസ്‌ട്രേലിയന്‍ ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയിട്ടും ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നിഷേധിച്ചതില്‍ ഓസ്ട്രേലിയയില്‍ പരക്കെ വിമര്‍ശനം. ട്രാക്കില്‍നിന്ന് മാറിയെന്ന കാരണത്താലാണ് അസിമിനെ അയോഗ്യനാക്കിയത്. ഈ നീതി നിഷേധം സണ്‍ഡേ മോണിംഗ് പത്രങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ നിന്നാണ് അബ്ദുലി ബസ്റ്റര്‍ അസിം ഓസ്ട്രേലിയയിലെത്തിയത്.

ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് ട്രാക്കില്‍ ഫിനിഷിംഗ് പോയിന്റ് കടക്കുന്നതാണ് അസിം കാണുന്ന സ്വപ്‌നം. പക്ഷേ ആ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള ദൂരം അസിമിന് ഒട്ടും എളുപ്പമല്ല. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനായി ഗാംബിയ ടീമിനൊപ്പം ഓസ്ട്രേലിയയിലെത്തിയ അസിം തിരിച്ചുപോയില്ല. ഇസ്ലാം മത വിശ്വാസത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്കു മാറിയ അസിമിന് നാട്ടിലേക്കു തിരിച്ചുചെല്ലാന്‍ ഭയമായിരുന്നു. നാട്ടിലെത്തിയാല്‍ ഇസ്ലാം മത വിശ്വാസികളായ ബന്ധുക്കള്‍ തന്നെ വേട്ടയാടുമെന്ന് അദ്ദേഹം പേടിച്ചു. ആരോരുമില്ലാതെ സിഡ്‌നിയിലെ പരമറ്റ നഗരത്തില്‍ ഒരു പാലത്തിനടിയില്‍ കുറേനാള്‍ താമസിച്ചു. ചവറ്റുകുട്ടയിലെ ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തിയത്. ഒരു രേഖ പോലുമില്ലാത്ത ജീവിതം ദുസഹമായിരുന്നു. എന്നാല്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്ന തന്റെ സ്വപ്‌നം നിറം മങ്ങാതെ മനസില്‍ സൂക്ഷിച്ചു. പിന്നീട് വീടില്ലാത്തവര്‍ക്കായുള്ള ഹോപ് ഹോസ്റ്റലില്‍ ഒരു വര്‍ഷത്തോളം കഴിഞ്ഞു.

താന്‍ നേരിട്ട അവഗണനയ്‌ക്കെതിരേ പ്രാര്‍ഥനയോടെ പോരാടുകയാണ് ഈ 28 വയസുകാരന്‍. പ്രതിസന്ധികള്‍ നിറഞ്ഞ ഭൂതകാലം നല്‍കിയ ആത്മവിശ്വാസമാണ് അസിമിന്റെ കരുത്ത്. ക്രൈസ്തവനായതുകൊണ്ട് മാത്രം സ്വന്തം നാട്ടില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ വേദനയോടെയല്ലാതെ ഓര്‍ത്തെടുക്കാനാവില്ല ഈ ചെറുപ്പക്കാരന്.

400 മീറ്റര്‍ വനിതാ ദേശീയ ചാമ്പ്യന്‍ ബെന്‍ഡെര്‍ ഒബോയയെ ഉള്‍പ്പെടെ പരിശീലിപ്പിച്ച കോച്ച് ജോണ്‍ ക്വിന്നിനെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ അഭയാര്‍ത്ഥി പദവി ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയതോടെ അസിം ശ്രദ്ധിക്കപ്പെട്ടു. 20.78 സെക്കന്‍ഡിലാണ് ഫിനിഷിംഗ് പോയിന്റ് കടന്നത്. എന്നാല്‍ പിന്നീട് ട്രാക്കില്‍നിന്ന് മാറിയെന്ന കാരണത്താല്‍ അസിമിനെ അയോഗ്യനാക്കി. ആ തീരുമാനം ഞെട്ടിച്ചെങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. നിയമപരമായ വഴിയിലൂടെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇടംനേടാനുള്ള ശ്രമത്തിലാണ് അസിം. ഓസ്ട്രേലിയയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കാനാണ് അസിമിന്റെ ആഗ്രഹമെങ്കിലും ഓസ്ട്രേലിയന്‍ പൗരനല്ലാത്തതിനാല്‍ അതിനു സാധിക്കില്ല. അഭയാര്‍ഥി എന്ന നിലയില്‍ മാത്രമേ മത്സരിക്കാനാകൂ.

'കരിയര്‍ തുടരാന്‍ എനിക്ക് ഓസ്‌ട്രേലിയയില്‍ ജീവിക്കണം. ഒളിമ്പിക്‌സില്‍ ഓസ്‌ട്രേലിയയ്ക്കു വേണ്ടി മത്സരിക്കണം. അതാണെന്റെ വലിയ സ്വപ്‌നം'-അസിം പറഞ്ഞു. നാട്ടില്‍ അമ്മയുമായി മാത്രമാണ് അസിമിന് ബന്ധമുള്ളത്. അമ്മയാണ് എനിക്കെല്ലാം. അവര്‍ സന്തോഷത്തോടെയിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഞാന്‍ സന്തോഷത്തോടെയിരിക്കുന്നതാണ് അമ്മയുടെ സന്തോഷം. അസിമിന്റെ കണ്ണുകളില്‍ നനവ്. വെയര്‍ ഹൗസില്‍ ജോലി ചെയ്താണ് അസിം പരിശീലനം തുടരുന്നത്.

'രണ്ട് വര്‍ഷത്തിലേറെയായി അദ്ദേഹം എന്റെ ടീമിലുണ്ട്. ഒരു പരിശീലകന്റെ അഭിപ്രായത്തില്‍ അസിം വളരെ ശക്തനും വിനയവുമുള്ള വ്യക്തിയാണ്- കോച്ച് ക്വിന്‍ പറഞ്ഞു. അദ്ദേഹത്തിന് മികച്ച വേഗതയും കരുത്തമുണ്ട്. ഭാവിയില്‍ നല്ലൊരു പരിശീലകനാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. പക്ഷേ സങ്കടകരമായ സത്യം എന്തെന്നാല്‍ അദ്ദേഹം ഇപ്പോഴും അഭയം തേടുകയാണ്.

വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിട്ടും ഈ വര്‍ഷം ആദ്യം ബര്‍ണി ഗിഫ്റ്റ് നേടിയപ്പോള്‍ സമ്മാനത്തുകയായ 12,500 ഡോളര്‍ തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ അദ്ദേഹം തയാറായി. പണം ഇതുപോലെ ചെലവാക്കരുതെന്ന് താന്‍ പറഞ്ഞതായി ക്വിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി എന്റെ കണ്ണുകള്‍ നനയിച്ചു. 'നാം എല്ലാവരും ഒന്നാണ്. അതാണ് അത്‌ലറ്റിക്‌സ് നല്‍കുന്ന സന്ദേശം. നിങ്ങള്‍ എന്നെ സഹായിച്ചൂ, ഞാന്‍ നിങ്ങളെ സഹായിക്കുന്നു. അത്രയും മഹത്വമുള്ള വ്യക്തിയാണ് അസിം-ക്വിന്‍ പറഞ്ഞുനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.