ഓക്‌സിജന്‍ ക്ഷാമം: കേന്ദ്രത്തിന് രൂക്ഷ വിമർശനം; കേരളം മാതൃകയെന്ന് ഡല്‍ഹി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമം: കേന്ദ്രത്തിന് രൂക്ഷ വിമർശനം; കേരളം മാതൃകയെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശമുന്നയിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

ഓക്സിജന്റെ വിഷയത്തിൽ കേരളം എല്ലാവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി പരാമർശിച്ചു.
അതേസമയം വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോവിഡ് രോഗികൾക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുറയ്ക്കാൻ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർക്കുമേൽ സമ്മർദ്ദമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.

ഇതോടെ വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ നൽകുന്നത് ഇന്ന് മുതൽ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശമുന്നയിച്ചത്. ഇന്നുമുതൽ നിരോധനം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രിൽ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാൻ ആരെങ്കിലും പറയുമോ ?', ഹൈക്കോടതി ആരാഞ്ഞു.

കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്നിന് ഓക്സിജൻ വൻതോതിൽ നൽകുന്നതുമൂലമാണ് ഇതെന്നും ഡൽഹി സർക്കാർ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് എടുത്തുപറയാതെയാണ് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി സർക്കാർ ഈ ആരോപണം ഉന്നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.