മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈനയുമായുണ്ടാക്കിയ കരാര്‍ ഓസ്ട്രേലിയന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. രാജ്യത്തിന്റെ വിദേശകാര്യ നയത്തിന് എതിരാണ് സംസ്ഥാനത്തിന്റെ ഈ കരാറെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടി. ഇതോടെ ഓസ്ട്രേലിയയും ചൈനയും തമ്മിലുളള ബന്ധത്തിലെ വിളളല്‍ കൂടുതല്‍ ആഴത്തിലായി. കരാര്‍ റദ്ദാക്കിയ ഓസ്ട്രേലയിന്‍ സര്‍ക്കാരിന്റെ നിലപാട് പ്രകോപനപരവും അപലപനീയവുമാണെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചു.
വിക്ടോറിയ സംസ്ഥാനം ചൈനയുമായുണ്ടാക്കിയ 'ബെല്‍റ്റ് ആന്‍ഡ് റോഡ്' സംരംഭമാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. 2013ലാണ് ലോകമെങ്ങുമുളള രാജ്യങ്ങളുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് 'ചൈന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി അവതരിപ്പിച്ചത്. 2017ല്‍ ബീജിങ്ങില്‍ സംഘടിപ്പിച്ച ആഗോള ഉച്ചകോടിയില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളെ പങ്കെടുപ്പിച്ച് പദ്ധതി അവതരിപ്പിച്ചു. വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ബീജിങ് ഉച്ചകോടിക്ക് തുടര്‍ച്ചയായി 2018ല്‍ വിക്ടോറിയ സംസ്ഥാനം ചൈനയുമായി ധാരണാപത്രം ഒപ്പുവെച്ചു.
2019-ല്‍ ഈ ധാരണാപത്രത്തിന് കൂടുതല്‍ വ്യക്തത വന്നു. ഇതനുസരിച്ച് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസും ചൈനയുടെ നാഷണല്‍ ഡെവലപ്മെന്റ്് ആന്‍ഡ് റിഫോം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ നിങ് ജിഷേയും ഉള്‍പ്പെട്ട കാര്യനിര്‍വഹണ സമിതിയും രൂപീകരിച്ചു. വിക്ടോറിയ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു കരാറിന്റെ കാതല്‍. ഇതനുസരിച്ച് വിക്ടോറിയ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് നിര്‍മാണ കമ്പനികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. വന്‍കിട ചൈനീസ് കമ്പനികള്‍ വിക്ടോറിയ സംസ്ഥാനത്ത് സാന്നിധ്യം ഉറപ്പിക്കും. ഇവിടുത്തെ വന്‍കിട പദ്ധതികളുടെ നിര്‍മാണത്തിനുളള ലേലത്തില്‍ പങ്കെടുക്കുന്നതിന് ചൈനീസ് കമ്പനികളെ അനുവദിക്കുന്നതുമായിരുന്നു വ്യവസ്ഥ. മാത്രവുമല്ല ഇത്തരം അടിസ്ഥാന വികസന സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിന് വിക്ടോറിയയിലെ വിവിധ കമ്പനി പ്രതിനിധികളെ തുടര്‍ച്ചയായി ചൈനയിലേക്ക് അയക്കുന്നതിനും കരാര്‍ അനുസരിച്ച് തീരുമാനമായി.
ബയോടെക്നോളജി, കൃഷി തുടങ്ങിയ മേഖലകളിലേക്കുകൂടി ചൈനയുമായുളള സഹകരണം ഭാവിയില്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇവിടുത്തെ കൃഷി ഉത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലുമടക്കം ചൈനീസ് ഇടപെടലിന് അവസരമൊരുക്കുന്നതാണ് കരാര്‍ എന്നുമായിരുന്നു വിമര്‍ശനം. ബി ആര്‍ ഐ കരാറിന് പുറത്തുളള മറ്റൊരു പരസ്പര സഹകരണ പദ്ധതികൂടി ചൈനയുമായി ഒപ്പിടാന്‍ വിക്ടോറിയ സംസ്ഥാനം തയാറെടുത്തിരുന്നു. 2020 മാര്‍ച്ചില്‍ ധാരണാപത്രം ഒപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തീരുമാനം മാറ്റി. വിക്ടോറിയന്‍ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ധാരണപാത്രം വഴിയൊരുക്കുമെന്നായിരുന്നു പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസിന്റെ നിലപാട്. എന്നാല്‍ ഓസ്ട്രേലിയയും ചൈനയുമായുളള ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം വിളളല്‍ വീണതോടെ ഈ അനുബന്ധ ധാരണപത്രത്തില്‍നിന്ന് ഡാനിയേല്‍ ആന്‍ഡ്രൂസ് തല്‍ക്കാലത്തേക്കു പിന്‍മാറുകയായിരുന്നു.
2020ല്‍ ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന പുത്തന്‍ വിദേശകാര്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനയുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കിയത്. രാജ്യത്തിന്റെ ഫോറിന്‍ അറേഞ്ച്മെന്റ് സ്‌കീം അനുസരിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന് സംസ്ഥനങ്ങളുടെ ഇത്തരം കരാറുകളില്‍ ഇടപെടുന്നതിനും പരിശോധിക്കുന്നതിനും കഴിയും. രാജ്യത്തിന്റെ വിദേശകാര്യ നയത്തിന് എതിരാണ് വിക്ടോറിയ സംസ്ഥാനത്തിന്റെ ഈ ചൈനീസ് കരാര്‍ എന്ന് കണ്ടെത്തിയാണ് ധാരണാപത്രം റദ്ദാക്കാന്‍ കോമണ്‍വെല്‍ത്ത് നിര്‍ദേശിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ഒരു തരത്തിലും ചൈനയെ ലക്ഷ്യം വച്ചല്ലെന്ന് വിദേശകാര്യമന്ത്രി മാരീസ് പെയ്ന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ വിദേശകാര്യ നയത്തില്‍ പൊതു നിലപാട് കൊണ്ടുവരുന്നതിനാണ് തീരുമാനമെന്നാണ് വിശദീകരണം.
ചൈനയുടെ ബി ആര്‍ ഐ പദ്ധതി വിവിധ വിദേശരാജ്യങ്ങളില്‍ അവരുടെ സ്വാധീനവും ശക്തിയും ഉറപ്പിക്കുന്നതിന് വഴിയൊരുക്കുമെന്ന് പല കോണുകളില്‍ നിന്നായി നേരത്തെ തന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ശ്രീലങ്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെ നിയന്ത്രണം 99 വര്‍ഷത്തേക്ക് പാട്ടത്തിന് ചൈന സ്വന്തമാക്കിയതാണ് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. വ്യവസായ വാണിജ്യ ഇടപെടലുകള്‍ വഴി കോളനിവല്‍കരണത്തിനാണ് ചൈന ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം.
സ്‌കോട് മോറിസണ്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടിയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഭരിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയാണ് വിക്ടോറിയ സംസ്ഥാനം ഭരിക്കുന്നത്. കരാര്‍ റദ്ദാക്കുകവഴി ഇരുപാര്‍ട്ടികളും തമ്മിലുളള രാഷ്ടീയ വടംവലിക്കുകൂടിയാണ് കളമൊരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.