ഓസ്‌ട്രേലിയ-ചൈന ബന്ധം ഉലയുന്നു; ആശങ്കയോടെ കര്‍ഷകരും കയറ്റുമതി മേഖലയും

ഓസ്‌ട്രേലിയ-ചൈന ബന്ധം ഉലയുന്നു; ആശങ്കയോടെ കര്‍ഷകരും കയറ്റുമതി മേഖലയും

മെല്‍ബണ്‍:ചൈനയുമായുളള ഓസ്‌ട്രേലിയയുടെ ബന്ധം കൂടുതല്‍ വഷളായതോടെ ഇത് വാണിജ്യ-വ്യവസായ മേഖലകളിലേക്ക് കൂടുതല്‍ വ്യാപിക്കുമെന്ന് ആശങ്ക. ഓസ്‌ട്രേലിയയില്‍നിന്നുളള കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയാല്‍ അത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും.

ചൈനീസ് സര്‍ക്കാരും വിക്ടോറിയ സംസ്ഥാനവുമായിട്ടുണ്ടാക്കിയ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭം സംബന്ധിച്ച ധാരണാ പത്രം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. രാജ്യ താല്‍പര്യത്തിന് വിരുദ്ധമാണ് കരാര്‍ എന്ന വിലയിരുത്തലോടെയായിരുന്നു കോമണ്‍വെല്‍ത്തിന്റെ തീരുമാനം. ഈ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ചെനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഓസ്‌ട്രേലിയയിലെ ചെറുകിട-വന്‍കിട കര്‍ഷകരടക്കമുളളവര്‍ ആശങ്കയിലായത്.

വ്യാവസായിക കയറ്റുമതി സംബന്ധിച്ച് ചൈനയുമായി ഒരു വര്‍ഷമായി തുടരുന്ന ഓസ്‌ട്രേലിയയുടെ തര്‍ക്കം ഇതേവരെ പരിഹരിക്കപ്പെട്ടില്ല. മാംസം, ബാര്‍ലി, വൈന്‍ തുടങ്ങിയവയുടെ കയറ്റുമതി സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. ഇതിനിടെയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ അനുവദിക്കുന്ന വിക്ടോറിയാ സംസ്ഥാനത്തിന്റെ ധാരണാപത്രം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.
പുതിയ തീരുമാനം ചൈനീസ് മാര്‍ക്കറ്റ് ലക്ഷ്യമിടുന്ന കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. രാജ്യത്തെ വൈന്‍ കയറ്റുമതി ഇപ്പോള്‍ത്തന്നെ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് താഹ്ബില്‍ക്വൈനറി പ്രതിനിധിയായ അലിസ്റ്റര്‍ പുര്‍ബ്രിക് പ്രതികരിച്ചു. ഇതില്‍ക്കൂടുതലൊന്നും ഇനി സംഭവിക്കാനില്ല.
ഓസ്‌ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വൈന്‍ ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതിയാണ് ചൈന അടുത്തയിടെ കൂട്ടിയത്. ഇത് വഴി ചൈനയിലേക്ക് കയറ്റുമതി ചെയ്ത താഹ്ബില്‍ക് വൈനറിയുടേതടക്കമുളള ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

ചൈനീസ് മാര്‍ക്കറ്റ് ലക്ഷ്യമാക്കി ഉത്പാദിപ്പിച്ച ഇവയ്ക്ക് ഇനി മറ്റെതെങ്കിലും രാജ്യങ്ങളില്‍ വിപണി കണ്ടെത്തേണ്ട അവസ്ഥയിലാണ് പല വൈനറികളും. ചൈനയുമായുളള ധാരണാപത്രം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഓസ്‌ട്രേലിയ - ചൈന റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജെയിംസ് ലോറന്‍സണ്‍ പറയുന്നത്. ചൈനയുമായി മാസങ്ങളായി തുടരുന്ന അകല്‍ച്ച ആളിക്കത്തിക്കാനേ കോമണ്‍വെല്‍ത്ത് തീരുമാനം വഴിവയ്ക്കൂ.

ഓസ്‌ട്രേലിയയില്‍നിന്നുളള കാര്‍ഷികോത്പന്നങ്ങള്‍ക്ക് ചൈന കൂടുതല്‍ വിലക്കേര്‍പ്പെടുത്തിയാല്‍രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടയാകുമെന്നും ലോറന്‍സണ്‍ വിലയിരുത്തുന്നു.
ഓസ്‌ട്രേലിയയില്‍ നിന്നുളള പാലുല്‍പന്നങ്ങള്‍, മാംസം തുടങ്ങിയവയുടെ ഇറക്കുമതിക്ക് ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമോയെന്നാണ് നിലവിലെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കും.

ഓസ്‌ട്രേലിയയില്‍ നിന്നുളള ബാര്‍ലി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ അടുത്തയിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ അതും നഷ്ടമായി. ഇറക്കുമതി ചെയ്യുന്ന ബാര്‍ലി ഉത്പന്നങ്ങള്‍ക്ക് നികുതി ഇരട്ടിയലധികമായി വര്‍ധിപ്പിച്ചായിരുന്നു ചൈനയുടെ തിരിച്ചടി. ചൈനീസ് നടപടിയ്‌ക്കെതിരെ ഓസ്‌ട്രേലിയഅടുത്തയിടെവേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ സമീപിച്ചിരുന്നു.

ചൈന ചുമത്തിയ അധിക ചുങ്കം യുക്തിസഹമാണോ എന്ന് പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കണമെന്ന് വരുന്ന 30ന് ചേരുന്ന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഓസ്‌ട്രേലിയ ആവശ്യപ്പെടും. എന്നാലിപ്പോഴും ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍ ചൈനയുമായി ഗോതമ്പ് വ്യാപാരം തുടരുന്നുണ്ട്. ടണ്‍ കണക്കിന് ഗോതമ്പുമായി കപ്പലുകള്‍ ചൈനയിലേക്കുളള യാത്രയിലുമാണ്. എന്നാല്‍ ചൈനീസ് സര്‍ക്കാരുമായി വിക്ടോറിയ സംസ്ഥാനമുണ്ടാക്കിയ കരാര്‍ ഓസ്‌ട്രേലിയന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ തുടര്‍ന്ന് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഗോതമ്പ് കയറ്റുമതി നടത്തിയവരും. ഇതിനോട് ചൈന എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് കണ്ടറിയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.