ജനാധിപത്യത്തിന്റെ അര്‍ഥം ഭൂരിപക്ഷത്തിന്റെ ഭരണമെന്നല്ല: ഹൈക്കോടതി

 ജനാധിപത്യത്തിന്റെ അര്‍ഥം ഭൂരിപക്ഷത്തിന്റെ ഭരണമെന്നല്ല: ഹൈക്കോടതി

കൊച്ചി: പഞ്ചായത്തുള്‍പ്പെടെയുള്ള ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അധികാരപരിധി കവിഞ്ഞുള്ള പ്രമേയങ്ങള്‍ പാസാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് അങ്ങനെയൊരു പ്രവണത കണ്ടുവരുന്നത് അസ്വസ്ഥതാജനകമാണെന്നും ജസ്റ്റിസ് എന്‍. നഗരേഷ് നിരീക്ഷിച്ചു.

ഏതൊരു ജനാധിപത്യ സ്ഥാപനവും ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാവൂ. ഭൂരിപക്ഷത്തിന്റെ ഭരണമെന്നല്ല, ജനാധിപത്യത്തിന്റെ അര്‍ഥം എന്നും ജസ്റ്റിസ് വ്യക്തമാക്കി.

2021 ജനുവരി ഏഴിന് ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ പെട്രോള്‍ പമ്പിന് ബില്‍ഡിങ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് പഞ്ചായത്ത് നല്‍കിയ കത്ത് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തൈക്കാട്ടുശ്ശേരിയിലെ ജെറിന്‍ ജെ. റോയീസ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണിത്. ഹര്‍ജിക്കാരന്റെ അപേക്ഷ പഞ്ചായത്ത് വീണ്ടും പരിഗണിക്കണം.

തൈക്കാട്ടുശ്ശേരി ഗവ. യു.പി. സ്‌കൂളിന്റെ കിണറിനോട് ചേര്‍ന്ന് പെട്രോള്‍ പമ്പ് വരുന്നതിലെ മലിനീകരണപ്രശ്‌നത്തില്‍ നാട്ടുകാര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കുമുള്ള എതിര്‍പ്പ് മുന്‍നിര്‍ത്തി പഞ്ചായത്ത് ജനുവരി ആറിന് പ്രമേയം പാസാക്കിയിരുന്നു.

പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ടെന്നും പമ്പ് വരുന്നത് ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ലെന്നും വിലയിരുത്തിയാണ് പഞ്ചായത്ത് ബില്‍ഡിങ് പെര്‍മിറ്റിനുള്ള അപേക്ഷ തള്ളിയത്. എന്നാല്‍ അത് അപേക്ഷ നിരസിക്കാനുള്ള ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ മലിനീകരണപ്രശ്‌നം നിയമാനുസൃതം പരിഗണിക്കേണ്ടത് അതിനായി ചട്ടപ്രകാരമുള്ള സ്ഥാപനങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷാഭിപ്രായം വളരെയധികം ശ്രദ്ധേയമാണെങ്കില്‍പ്പോലും പഞ്ചായത്തിന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കണം. തൊഴിലെടുത്ത് ജീവിക്കാന്‍ പൗരനുള്ള അവകാശവും പ്രധാനമാണ്.

ജില്ലാ ടൗണ്‍ പ്ലാനറുടെയും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും അനുമതികളെ എതിര്‍ത്ത് അടുത്തുള്ള തൈക്കാട്ടുശ്ശേരി യു.പി. സ്‌കൂളിലെ മാനേജ്‌മെന്റ് കമ്മിറ്റിയും രണ്ട് രക്ഷിതാക്കളും പമ്പിന് അനുമതി നല്‍കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു.

സ്‌കൂളിന്റെ കിണറിനടുത്താണ് പെട്രോള്‍ പമ്പ് വരുന്നതെന്നും അവിടത്തെ കയറ്റിറക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നുമായിരുന്നു വാദം. ശരിയായ വാദം കേള്‍ക്കലും സ്ഥല പരിശോധനയും നടന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദത്തിനു പിന്‍ബലമേകുന്ന രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത ഹര്‍ജി തള്ളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.