കോവിഡ്: ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും; മലയാളികള്‍ അടക്കമുള്ളവരുടെ യാത്ര അവതാളത്തില്‍

കോവിഡ്: ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും; മലയാളികള്‍ അടക്കമുള്ളവരുടെ യാത്ര അവതാളത്തില്‍

സിഡ്‌നി: കോവിഡ് രൂക്ഷമായി തുടരുന്ന ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും. ഇന്ത്യ അടക്കമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ന്യൂസിലന്‍ഡ് മന്ത്രി ക്രിസ് ഹിപ്കിന്‍സും അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ 30 ശതമാനമായി കുറയ്ക്കുമെന്നും അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ ഓസ്ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പോകാന്‍ അനുവാദമുള്ളൂവെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിലേക്കുള്ള യാത്ര അവിടുത്തെ പൗരന്മാര്‍ക്കും പങ്കാളികള്‍ക്കും കുട്ടികള്‍ക്കും മാത്രമായി താല്‍ക്കാലികമായി പരിമിതപ്പെടുത്തും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള മലയാളികള്‍ അടക്കമുള്ള നിരവധി പേരുടെ യാത്രയെ ബാധിക്കുന്നതാണ് ഈ തീരുമാനം.

കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യ, ബ്രസീല്‍, പപ്പുവ ന്യൂ ഗ്വിനിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് ന്യൂസിലന്‍ഡ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് ന്യൂസിലന്‍ഡില്‍ എത്തിച്ചേര്‍ന്ന 1000 യാത്രക്കാരില്‍ ശരാശരി 50-ല്‍ അധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പെര്‍മെനന്റ് റെസിഡന്‍സിയുള്ള ആളുകളെ പോലും അനുവദിക്കുന്നില്ല.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്‍ കേന്ദ്ര മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു. വളരെ അടിയന്തര സാഹചര്യത്തില്‍ മാത്രം ഹൈ റിസ്‌ക് രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് ഇളവ് അനുവദിക്കാന്‍ അതിര്‍ത്തി സേനയ്ക്ക് നിര്‍ദേശം നല്‍കും-മോറിസണ്‍ പറഞ്ഞു.

കഴിഞ്ഞ 14 ദിവസങ്ങളില്‍ ഹൈ റിക്‌സ് രാജ്യത്തുണ്ടായിരുന്ന ഒരാള്‍ ഓസ്ട്രേലിയയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് മോറിസണ്‍ പറഞ്ഞു.

നടപ്പാക്കിയ ക്രമീകരണങ്ങളില്‍ മാര്‍ക്ക് മക്‌ഗൊവാന്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതായും മോറിസണ്‍ പറഞ്ഞു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്ക് നിലവില്‍ നേരിട്ട് വിമാനങ്ങളൊന്നുമില്ല. ഹൈ റിസ്‌ക് രാജ്യത്ത് നിന്നുള്ള യാത്രക്കാര്‍ ഓസ്ട്രേലിയയിലേക്ക് തിരികെയെത്താന്‍ ശ്രമിക്കരുതെന്നും മോറിസണ്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ തിരിച്ചെത്താനുള്ള 40,000-ല്‍ അധികം പേര്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.