സിഡ്‌നി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി കടലില്‍ ബുധനാഴ്ച്ച അപ്രത്യക്ഷമായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. അതേസമയം കപ്പലിലെ നാവികരെക്കുറിച്ചു വിവരമില്ല. കപ്പലിനുള്ളില്‍ നാവികര്‍ക്കു നിലനില്‍ക്കാനുള്ള ഓക്‌സിജന്‍ ഇന്നു പുലര്‍ച്ചെ അഞ്ചിനു തീരുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ബാലി ദ്വീപിന് 96 കിലോമീറ്റര്‍ അകലെ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായുള്ള സഞ്ചാരത്തിനിടെയാണു ഇന്തോനേഷ്യയുടെ ജര്‍മന്‍ നിര്‍മിത കെ.ആര്‍.ഐ നംഗ്ഗലാ-402 എന്ന മുങ്ങിക്കപ്പല്‍ കാണാതായത്. 44 വര്‍ഷം പഴക്കമുണ്ടിതിന്.
850 മീറ്റര്‍ (2,788 അടി) താഴെയായാണ് അന്തര്‍വാഹിനി കണ്ടെത്തിയതെന്ന് ഇന്തൊനീഷ്യന്‍ നാവികസേനാ മേധാവി പറഞ്ഞു. 500 മീറ്റര്‍ (1,640 അടി) വരെ താഴ്ചയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് മുങ്ങിക്കപ്പലിനുള്ളത്. കപ്പല്‍ വീണ്ടെടുക്കാനാവാത്ത വിധം മുങ്ങിയെന്ന നിഗമനത്തിലാണ് അധികൃതര്‍. കപ്പലില്‍ ഉപയോഗിക്കുന്ന ലൂബ്രിക്കന്റിന്റെ കുപ്പിയും ടോര്‍പിഡോയെ സംരക്ഷിക്കുന്ന ഉപകരണവുമാണ് കണ്ടെത്തിയത്. ഇന്ധന ടാങ്കിലെ പ്രശ്‌നമാണ് അപകടകാരണമെന്നാണു കരുതുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ സേനകള്‍ക്കു പുറമേ യു.എസും സിംഗപ്പൂരും തെരച്ചിലിനായി രംഗത്തുണ്ട്. രണ്ട് യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ചാണ് ഓസ്‌ട്രേലിയന്‍ നാവികസേനയുടെ തെരച്ചില്‍. അന്തര്‍വാഹിനി കാണാതായ ഭാഗത്ത് 50 മുതല്‍ 100 മീറ്റര്‍ ആഴത്തില്‍ എന്തോ വസ്തുവില്‍നിന്ന് ഉയര്‍ന്ന കാന്തികശക്തി അനുഭവപ്പെട്ടതിനാല്‍ അവിടം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ തെരച്ചില്‍.
രക്ഷാപ്രവര്‍ത്തനം വൈകുന്തോറും ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി വ്യുഹത്തിന്റെ തലവന്‍ ഉള്‍പ്പെട്ട നാവിക സംഘത്തെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്.
ഇന്തോനേഷ്യന്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കപ്പലുമായി സമ്പര്‍ക്കം നഷ്ടപ്പെട്ടതെന്ന് സൈനിക മേധാവി ഹാദി താജാന്റോ പറഞ്ഞു. ഓസ്ട്രേലിയന്‍ യുദ്ധക്കപ്പലുകളായ അന്‍സാക് ഫ്രിഗേറ്റ് എച്ച്.എം.എ.എസ് ബല്ലാറാത്ത്, എച്ച്.എം.എ.എസ് സിറിയസ് എന്നിവയാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഇരുപത്തിനാല് ഇന്തോനേഷ്യന്‍ കപ്പലുകളും പട്രോളിംഗ് വിമാനവുമാണ് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.