ഹാഗിയ സോഫിയ വിവാദം പ്രസരിപ്പിക്കുന്നത് മതാത്മക രംഗത്തെ മൂന്നുതരം അടിസ്ഥാന ജീര്‍ണ്ണതകളുടെ ദുര്‍ഗന്ധമാണെന്ന് തോന്നുന്നു.ഒന്നാമതായി, ഉല്‍കൃഷ്ട ജ്ഞാനത്തിന്റെ വിളനിലമാകേണ്ട മതങ്ങള്‍ തന്നെ നിരക്ഷരതയുടെ ഭീകരപ്രവര്‍ത്തനം നടത്തുന്നു. രണ്ടാമതായി, സാര്‍വലൗകിക നീതിയുടെ കാവല്‍ക്കാരാകേണ്ട മതങ്ങള്‍ സ്വാഭാവികനീതിയെത്തന്നെ കശാപ്പു ചെയ്യുന്നു. മൂന്നാമതായി, ജ്‌നാനത്തിന്റെയും നീതിബോധത്തിന്റെയും ഉറവിടമാകേണ്ട ഈശ്വരാനുഭവം അല്പം പോലുമില്ലാത്ത നേതൃത്വം മതത്തിന്റ കടിഞ്ഞാണ്‍ കയ്യാളുന്നു. ഇവ ഓരോന്നായി ഹ്രസ്വമായി ചര്‍ച്ച ചെയ്യാം.
പണ്ടൊക്കെ അന്ധവിശ്വാസങ്ങളെ അന്ധവിശ്വാസം എന്ന് തന്നെ വിളിച്ചിരുന്നെങ്കില്‍ പുതിയ അന്ധവിശ്വാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും മതത്തിന്റെയുമൊക്കെ അംഗീകാരത്തോടെയാണ്. ഈച്ചയുടെയും പൂച്ചയുടെയും ദൈവത്തില്‍ നിന്നും തുടങ്ങുന്ന പ്രാചീന ദൈവബോധത്തില്‍ നിന്നും ദൈവശാസ്ത്രം ഇന്നും അധികമൊന്നും മുന്നോട്ട് പോയിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ദൈവത്തിന്റെപേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ മനവരാശിയെന്ന ഒരു പ്രയോഗമുണ്ട്. ആധുനികത കൈവരിച്ച വളര്‍ച്ചയാണിത്. സംസ്‌കാരം ഇത്ര വളര്‍ന്നിട്ടും പരിണാമത്തിലെ വിഷബീജങ്ങളായ മാത്സര്യവും പിടിച്ചടക്കലു ഹിംസയുമൊക്കെ അതിന്റെ സമസ്ത രൗദ്രതയിലും അരങ്ങുവാഴുന്ന വേദികളിലൊന്ന് മതം തന്നെയാണ്. അധിനിവേശത്തിന്റെ പുതിയ ദൃഷ്ടാന്തങ്ങളാണ് പള്ളിപൊളിച്ച് അമ്പലം പണിയുന്നതും പള്ളി മോസ്‌കാക്കുന്നതും.ദൈവശാസ്ത്രത്തിന്റെ പരിച്ഛേദനമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കരുത്ത്. ആരെയും കൊല്ലാനും അപരന്റെ മുതലില്‍ കൈവെക്കാനും ഉള്ള ആത്മബലം ഈ പരിച്ഛേദനം നല്‍കുന്നു.
ഒരു കാലത്ത് പൗരസ്ത്യക്രിസ്തീയതയുടെ കേന്ദ്രവും ദീര്‍ഘകാലം കലയുടെ ശ്രീകോവിലുമായിരുന്ന ഒരു ആലയത്തെ പരിച്ഛേദനം നടത്തി ഇസ്ലാമികവല്‍ക്കരിക്കുബോള്‍ അതിന്മേല്‍ ചാര്‍ത്തപ്പെടുന്നത് മതാത്മകതയുടേതല്ല മതത്തെ ആയുധമാക്കിയ രാഷ്ട്രീയത്തിന്റെ വികൃതമുദ്രയാണ്. ഇത് വഴി പൊതുസമൂഹത്തോടും നല്ല വിശ്വാസികളോടും തന്നെ വിളിച്ചുപറയുന്നത് ഇതാണ്: “വരുവിന്‍ നമുക്ക് ദൈവമില്ല എന്ന് തെളിയിക്കാം!” മന്ത്രം ഇവിടെ ദുഷ്ടശബ്ദവും ആരാധന കറുത്ത കുര്‍ബാനയുമാകും. പന്തയം എന്ന ചെറുകഥയില്‍ ചെക്കോവ് നടത്തുന്ന ആക്ഷേപം ജ്ഞാനത്തിന്റെ സൂര്യനെ അജ്ഞതയുടെ ഗ്രഹണം വിഴുങ്ങുന്നതിന്റെ തിക്തഫലങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ചിരിക്കുന്നത്
ഹാഗിയ സോഫിയയില്‍ പ്രവചനപരമായിരുന്നുവോ എന്ന് തോന്നും. "യുക്തി നഷ്ടപ്പെട്ട നിങ്ങള്‍ വെറുതെ അപഥസഞ്ചാരം നടത്തുന്നു. നിങ്ങള്‍ കള്ളങ്ങളെ സത്യമായും വൃത്തികേടിനെ സൗന്ദര്യമായും കണക്കാക്കുന്നു. ആപ്പിള്‍ ചെടികളിലും ഓറഞ്ച് മരങ്ങളിലും നിന്നും പഴങ്ങള്‍ക്ക് പകരം തവളകളും പല്ലികളും... റോസാപുഷ്പങ്ങള്‍ക്കൊക്കെ വിയര്‍പ്പ് നാറുന്ന കുതിരയുടെ ഗന്ധം... ഭൂമിയെ സ്വര്‍ഗത്തിന് പകരം വക്കുന്ന നിങ്ങളെ മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” മരത്തില്‍ നിന്നിറങ്ങാത്ത വാനരനും കാട്ടില്‍ നിന്നിറങ്ങാത്ത പ്രാചീനനുമാണ് പൊളിറ്റിക്കല്‍ ഇസ്ലാം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തിരഞ്ഞെടുപ്പുകളിലെ ഭയാനകമായ അപകടങ്ങള്‍ സൂഫി മിസ്റ്റിസിസം പറഞ്ഞുതരന്നുണ്ട്. സൂഫി മിസ്റ്റിക്കായ ജലാലുദ്ദീന്‍ റൂഫി മനുഷ്യന്റെ അന്തരംഗത്തെ ഉപമിച്ചിരിക്കുന്നത് കാടിനോടാണ്. "ചെന്നായ്ക്കളും പണികളും നമ്മുടെ ഉള്ളില്‍ തന്നെ ആയിരക്കണക്കിനുണ്ട്. നീതിമാനും അനീതി പ്രവര്‍ത്തിക്കുന്നവനും ഉള്ളിലുണ്ട്. സത്യവാനും കാപട്യക്കക്കാരനുമുണ്ട്. ഒരു നിമിഷം കുറുക്കന്റെ സ്വരൂപം പുറത്തുവരുമ്പോള്‍ വേറൊരു വേള ജോസഫിന്റെ ചൈതന്യവത്തായ മുഖമായിരിക്കും പ്രത്യക്ഷപ്പെടുക.” കുറുക്കനും ജോസഫും തമ്മില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ “വിവേകിയായവന്‍ നല്ലത് തിരഞ്ഞെടുക്കുന്നു. വിഡ്ഢി അതെ ചെയ്യുന്നില്ല.” എര്‍ദോഗാന്‍ എന്ന വിഡ്ഢി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ അജ്ഞതയുടെ ഘോഷയാത്രകള്‍ ചരിത്രത്തിന്റെ തീരാകളങ്കമെന്ന് വിലയിരുത്തുവാന്‍ ഭാവിയിലെങ്കിലും വിജ്ഞാനത്തിന്റെ വീണ്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
രണ്ടാമതായി, നീതിയുടെ വിഷയം. സ്വാര്‍ത്ഥതയെന്നത് ജീവന്റെ നിയമമല്ല വെല്ലുവിളിക്കപ്പെടുമ്പോള്‍ ആവശ്യം അതിജീവിക്കാനുള്ള ഒരു സംവിധാനത്തെ പ്രകൃതി ജീവന്റെ രഥ്യകളില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നതാണ് സ്വന്തം കാര്യം ശ്രദ്ധിക്കാനുള്ള ത്വര. അതിജീവനം അധിനിവേശമാകുന്നതാണ് സ്വാര്‍ത്ഥത. അത് പരിണാമത്തിന്റെ അന്തര്‍ധാരയില്‍ നിന്നുള്ള വ്യതിചലനമാണ്. അധിനിവേശത്തിന്റെ പടയോട്ടങ്ങളാണ് ചരിത്രത്തിലെ അനീതിയുടെ ഭീതിതമായ അധ്യായങ്ങള്‍. അനീതിക്കെതിരായ നീതിയുടെ പ്രതിവിപ്ലവത്തിന്റെ പ്രത്യയശാസ്ത്രമാണ് മതങ്ങളുടെയൊക്കെ മൗലികമായ ഒരു സിദ്ധാന്തം.
നീതിയെന്നത് പ്രപഞ്ചത്തിന് ഏറ്റവും പ്രിയപ്പെട്ടതാകയാല്‍ പ്രകൃതി നീതിയെ മടിത്തട്ടില്‍ തന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നു. അതിന്റെ താളഭംഗങ്ങളില്‍ പ്രകൃതി പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കും. അങ്ങിനെയാണ് ഉല്‍കൃഷ്ടമായ ദൈവാനുഭവമുള്ള നവോത്ഥാനനായകരൊക്കെ നീതിയുടെ പ്രവാചകരായി കാലം തോറും
ഉദയം ചെയ്യുന്നത്. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത് എന്നത് പ്രകൃതിയുടെ നീതിബോധത്തിന്റെ താളാത്മകസംഗീതം തന്നെയാണ്. ഈ നീതിയുടെ സംഗീതമാണ് എല്ലാ മതങ്ങളുടെയും കാതല്‍. നിര്‍ഭാഗ്യവശാല്‍ നീതിയുടെ കാവല്ഭടന്മാര്‍ തന്നെ അധിനിവേശത്തിന്റെ വേട്ടപ്പട്ടികളാകുമ്പോള്‍ കേടുപറ്റുന്നത് പള്ളിക്കും മ്യൂസിയത്തിനുമല്ല, വിശ്വനീതിയുടെ സ്വാസ്ഥ്യത്തിന് തന്നെയാണ്.
അധികാരത്തിന്റെ മട്ടുപ്പാവുകളിലൂടെ ഉലാത്തുമ്പോഴൊക്കെ പൊളിറ്റിക്കല്‍ ഇസ്ലാമിലെ ദാവീദുമാര്‍ക്ക് ഉറിയയുടെ ഭാര്യമാര്‍ നിരന്തര പ്രലോഭനഹേതു തന്നെയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. വിശുദ്ധ വിജ്ഞാനത്തെപ്പോലും കയ്യേറുവാന്‍ തക്കവിധം രാജാവിന്റെ നീതിബോധവും പ്രവാചകത്വവും വകതിരിവുകളും ഒക്കെ എന്നേ കൈമോശം വന്നിരുന്നു!
മോഷ്ടിക്കപ്പെട്ട ഓരോ വസ്തുവിന്റേയും ഉള്ളിന്റെയുള്ളില്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥനുവേണ്ടി ഒരു നിലവിളിയുണ്ടാകുമെന്ന ലാറ്റിന്‍ മൊഴി ഇപ്പറഞ്ഞ പ്രാപഞ്ചിക നീതിയുടെ ലിഖിതപ്രകാശനം തന്നെയാണ്. "Res clamatad dominum. വസ്തു അതിന്റെ ഉടമസ്ഥനെ വിളിച്ചുകൊണ്ടിരിക്കുന്നു." നീതിന്യായശാസ്ത്രത്തിലെ ഒരു പ്രമാണമാണ് ഈ തത്ത്വം. രാഷ്ട്രീയ ഇസ്ലാമിന്റെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടുന്ന വിശുദ്ധ വിജ്ഞാനത്തിന്റെ നീതി അതിന്റെ യഥാര്‍ത്ഥ ഉടമയെ അന്വേഷിച്ചുകൊണ്ടേയിരിക്കും. ചരിത്രത്തിന് അല്പം കാത്തിരുന്നിട്ടായാലും ഈ ഉത്തരിപ്പുകടത്തിന്റെ ഭാണ്ഡം ഇറക്കിവെക്കാതിരിക്കാനാവില്ല. നീതി സ്വഭാവത്താലേ കാവ്യനീതി എന്നൊരു പ്രയോഗത്തെക്കൂടി സൃഷ്ടിച്ചിരിക്കുന്നത് അതുകൊണ്ടായിരിക്കാം. പ്ലൂട്ടാര്‍ക്ക് എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന് പറയുന്നതാവും നവജാതശിശുക്കളെ കൊന്നു ഭക്ഷിക്കുന്ന പ്ലൂട്ടാര്‍ക്ക് എന്നൊരു മനുഷ്യനുണ്ടായിരുന്നു എന്ന് പറയുന്നതിലും നല്ലത് എന്ന പ്ലൂട്ടാര്‍ക്കിന്റെ ധര്‍മോക്തി ഇവിടെ പ്രസക്തമാണ്. ദൈവനാമത്തില്‍ എന്ന് പറഞ്ഞ് നീതിയെ കശാപ്പ് ചെയ്യുന്നതിലും എത്രയോ നന്നായിരിക്കും ദൈവം ഇല്ല എന്ന് മതങ്ങള്‍ തന്നെ പഠിപ്പിക്കുന്നത്. കല കലാപവും കലാപം കലയുമാകുന്ന വിചിത്രപ്രതിഭാസത്തെക്കുറിച്ചുള്ള ചെസ്റ്റേര്‍ട്ടന്റെ ദീര്‍ഘവീക്ഷണം അക്ഷരാത്ഥത്തില്‍ ശരിയായിരിക്കുന്നു.മതരാഷ്ട്രത്തിന്റെ കലാകാരന്‍ കലാപത്തിന്റെ അശുദ്ധരകതം കലയുടെ സിയത്തില്‍ത്തന്നെ ചിന്തിയിരിക്കുന്നു!
മൂന്നാമതായി, ആല്‍മീതയുടെ ജീര്‍ണ്ണത. മതമാണ് എല്ലാ തിന്മയുടെയും മൂലകാരണമെന്ന് കൊടിയ നിരീശ്വരനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പറയുമ്പോള്‍ അതിനെ ഭാഗികമായി സ്ഥിരീകരിക്കുന്നതാവും മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം വേലത്തരങ്ങള്‍. ഓരോരോ കാലത്ത് ഓരോരോ കോലങ്ങള്‍ വരച്ചിട്ട് അതിന്റെയെല്ലാം കീഴെ ദൈവം എന്ന് എഴുതുന്നത് മനുഷ്യ ചരിത്രത്തിലെ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമാണെന്ന് ജൂത ചിന്തകനായ മാര്‍ട്ടിന്‍ ബൂബര്‍. മതാധിഷ്ഠിതമായ ഒരു വ്രപ്രത്യയശാസ്ത്രം അശരീരിയായ ദൈവത്തിന്റെ ചിത്രം വരക്കുന്നത് മതനിന്ദയായി കണക്കാക്കുമ്പോഴും ദൈവത്തിന്റെ കോലങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആല്മീയതയുടെ ജീര്‍ണത രാഷ്ട്രീയത്തിന്റെ ജീര്ണതയുമായി കൈകോര്‍ക്കുകയാണിവിടെ. ഉദാത്തതമായ ദൈവാരാധന ആത്മാവിലും സത്യത്തിലുമാണ് നടത്തേണ്ടതെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. ആല്‍മാവും സത്യവുമില്ലാത്ത ആരാധനയുടെ അതിപ്രസരം ഇന്ന് മതഭൂമികയെ ഒച്ചപ്പാടിന്റെയും കച്ചവടത്തിന്റെയും ചന്തയാക്കുന്നു. ഹൃദയസ്പന്ദനം നിലച്ച കൈകാലുകളുടെ വികൃതചലന മെന്നൊക്കെയുള്ള കാവ്യഭാവന മതാനുഷ്ഠനങ്ങളിലായിരിക്കും ഇന്ന് ഏറ്റവുമധികം ശരിയായിരിക്കുന്നത്. മലമുകളിലെ ഏകാന്തധ്യാനങ്ങളില്‍ സംസിദ്ധമാകുന്ന ദൈവത്തിന്റെ ഏകപിതൃത്വത്തിന്റ അനുഭവത്തില്‍നിന്നാണ് മാനവരാശി മുഴുവനും ദൈവമക്കളാണെന്നും സര്‍വ്വത്രിക സാഹോദര്യമാണ് ഉദാത്ത ആല്‍്മീയതയെന്നിമുള്ള തിരിച്ചറിവ് ലഭിക്കുന്നത്. അനുഭവമില്ലാത്തവര്‍ മതത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുമ്പോള്‍ ദൈവാരാധന അഹത്തിന്റെ പൂരണമാകുന്നു. സാഹോദര്യം കടന്നുകയറ്റവും കയ്യേറ്റവുമാകുന്നു.ഏകാന്ത ധ്യാനത്തിനായി മലമുകളിലേക്ക് കയറുക എന്നത് മാത്രമാണ് മാനവരാശിക്ക് മുന്നോട്ടുള്ള വഴി. മലിനമാക്കപ്പെട്ട ജ്ഞാനത്തിന്റെ വിശുദ്ധി വീണ്ടെടുക്കപ്പെടണം. അത് കുരിശുയുദ്ധങ്ങള്‍ കൊണ്ടല്ല, ഉള്‍ക്കാഴ്ചകളുടെ തിരിച്ചറിവില്‍ നിന്നാവണം. നീതിയുടെ സുഗന്ധമാണ് ആല്‍മീയതയുടെ പരിമളം. അര്‍ച്ചനക്ക് വച്ചിരിക്കുന്ന പുഷ്പങ്ങള്‍ക്കാണ് ഇന്ന് സുഗന്ധം ഏറെയും നഷ്ടപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26