വാഷിംഗ്‌ടൺ: ഓട്ടോമൻ സാമ്രാജ്യം 1915 ൽ നടത്തിയ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനെ അറിയിച്ചു.
ബൈഡൻ ജനുവരി 20 ന് സ്ഥാനമേറ്റ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോൺ കോൾ സംഭാഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എർദോഗൻ , ബൈഡനുമായി നല്ല ബന്ധത്തിലല്ല.
അർമേനിയൻ വംശഹത്യ എന്ന് അർമേനിയൻ കൂട്ടക്കൊലയെ പരാമർശിക്കുന്നത് തുർക്കിയെ വിറളി പിടിപ്പിക്കുന്നതാകയാൽ അമേരിക്ക വളരെ ശ്രദ്ധാപൂർവമാണ് ഇതേക്കുറിച്ചു പരാമർശിച്ചുവന്നിരുന്നത്. പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്നും ബൈഡൻ പിന്മാറുന്നുവെന്നാണ് സൂചനകൾ നൽകുന്നത്. റഷ്യൻ എസ് -400 പ്രതിരോധ സംവിധാനങ്ങൾ തുർക്കി വാങ്ങിയത് , സിറിയൻ പ്രശ്നം , മനുഷ്യാവകാശങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ബൈഡൻ അധികാരമേറ്റതിനുശേഷം, തുർക്കിയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അമേരിക്ക കൂടുതൽ ശബ്ദമുയർത്തി. റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ തുർക്കി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ഓട്ടോമൻ സാമ്രാജ്യത്തിൽ താമസിക്കുന്ന നിരവധി അർമേനിയക്കാർ ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് തുർക്കി അംഗീകരിക്കുന്നു, എന്നാൽ കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നു എന്നും വംശഹത്യ നടത്തുകയും ചെയ്തു എന്ന ആരോപണവും അവർ നിഷേധിക്കുന്നു.
അർമേനിയൻ വംശഹത്യാ സ്മാരകത്തിലെ കെടാവിളക്ക് :
ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ട 15 ദശലക്ഷം അർമേനിയക്കാരെ ബഹുമാനിക്കുമെന്ന് കഴിഞ്ഞ വർഷം പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കെ ബൈഡെൻ പ്രതിജ്ഞ ചെയ്തിരുന്നു.ഈ ആഴ്ച ആദ്യം നിയമനിർമ്മാതാക്കളുടെ ഒരു സംഘം ബൈഡനോട് തന്റെ പ്രചാരണ വാഗ്ദാനം നിറവേറ്റാൻ ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റ് അർമേനിയൻ കൂട്ടക്കൊലയെ അർമേനിയൻ വംശഹത്യ എന്ന് വിളിക്കുമോന്ന് ഉറ്റു നോക്കുകയാണ് ലോകം. 2019 ൽ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും കൊലപാതകങ്ങളെ വംശഹത്യയാണെന്ന് അംഗീകരിച്ച് പ്രമേയം പാസാക്കി എങ്കിലും , ഇത് തുർക്കിയെ പ്രകോപിപ്പിക്കുന്നതാകയാൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് നിരസിച്ചിരുന്നു.
എ ഡി മൂന്നൂറുകളിൽ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമാണ് അർമേനിയ. ബൈസൈന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അർമേനിയയും. ഓട്ടോമൻ തുർക്കികൾ ബൈസൈന്ത്യൻ സാമ്രാജ്യം കീഴടക്കിയതിനെ തുടർന്ന് അർമേനിയൻ ക്രിസ്ത്യാനികൾക്ക് പ്രത്യേക നികുതി സംവിധാനം ഏർപ്പെടുത്തി. ഈ നികുതി സംവിധാനം ( ജിൻസിയ്യ - ഇസ്ലാമിക ഖാലിഫേറ്റ് ഭരണത്തിൽ മറ്റുമത വിഭാഗങ്ങളിൽനിന്നും ഈടാക്കുന്ന പ്രത്യേക നികുതി ) അർമേനിയക്കാർ എതിർത്തതിനെ തുടർന്ന് ഓട്ടോമൻസൈന്യവും , മുസ്ലിം കുർദുകളുടെ നാടോടി സൈന്യവും ചേർന്ന് അർമേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു . പതിനായിരങ്ങൾ കൊല്ലപ്പെട്ട ഈ ചരിത്ര സംഭവം ‘ഹമീദിയൻ മസാക്കർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിൽ യുവ തുർക്കികൾ പിടിമുറുക്കിയതിനെ തുടർന്ന് വീണ്ടും അർമേനിയൻ വംശജർ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു .1915 -16 കാലഘട്ടത്തിൽ സിറിയയിലെ അലെപ്പോയിലേക്കു അർമേനിയൻ വംശജരെ പലായനം ചെയ്യിപ്പിച്ചു. ഈ പലായനം ലോക മനുഷ്യ ചരിത്രത്തിലെ ദുരിത പൂർണ്ണമായ യാത്രയായി കരുതപ്പെടുന്നു . സ്ത്രീകൾ മതം മാറി തുർക്കി മുസ്ലീമുകളെ വിവാഹം കഴിച്ചാൽ സ്വാതന്ത്രം ലഭിച്ചിരുന്നു . അല്ലാത്തവരായ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി ചന്തകളിൽ വിൽക്കപ്പെട്ടു. പതിനായിരക്കണക്കിന് അംഗങ്ങളുള്ള യാത്ര സംഘത്തിൽ യാത്രാവസാനം നൂറോ ഇരുന്നൂറോ അംഗങ്ങൾ മാത്രമായി ചുരുങ്ങിയിരുന്നു .
അതി ക്രൂരമായ ഇത്തരം ക്രിസ്ത്യൻ വംശഹത്യകൾ ലോകം അറിയാതെ മൂടിവയ്ക്കുവാൻ തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം ശ്രദ്ധിച്ചിരുന്നു. 15 ദശലക്ഷം അർമേനിയക്കാരെ കൂട്ടക്കൊല ചെയ്തതിനെ "ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ" എന്ന് പോപ്പ്ഫ്രാൻസിസ് വിശേഷിപ്പിച്ചത് തുർക്കിയുടെ വൻ പ്രതിഷേധത്തിനിടയാക്കി.അദ്ദേഹത്തിന്റെ മുൻഗാമിയായ പോപ്പ് ജോണ്‍പോള്‍ രണ്ടാമനും വംശഹത്യ എന്ന വാക്കുപയോഗിച്ചിരുന്നു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.