മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ മൂന്നു മാസത്തേക്ക് ഒഴിവാക്കി

മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ മൂന്നു മാസത്തേക്ക് ഒഴിവാക്കി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും മൂന്നു മാസത്തേക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.

ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം സിംഗപ്പൂരില്‍ നിന്ന് നാല് ദ്രാവക ഓക്‌സിജന്‍ ടാങ്കറുകളുമായി വ്യോമസേന വിമാനം പശ്ചിമ ബംഗാളിലെ പനാഗഡ് എയര്‍ ബേസിലേക്ക് പുറപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ നിന്ന് 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടി തുടങ്ങിയതിനിടെ ചൈനയുടെ വാഗ്ദാനവും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ സ്വീകരിച്ചേക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ഓക്്‌സിജന്‍ വിരണത്തിന് 24 ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് സ്വകാര്യ കമ്പനിയായ ഐടിസി ലിമിറ്റഡും അറിയിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.