സിഡ്‌നി: ഓസ്‌ട്രേലിയ-ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകള്‍ നല്‍കി ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. ഓസ്‌ട്രേലിയയ്ക്കു ഭീഷണി ഉയര്‍ത്തി ചൈന സമീപപ്രദേശങ്ങളിലെ അവരുടെ തുറമുഖങ്ങള്‍ സൈനികവല്‍ക്കരിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയുടെ അടിയന്തര ശ്രദ്ധ അവിടേക്കു പതിപ്പിക്കണമെന്നും പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.
ഒന്നാം ലോക യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഓസ്ട്രേലിയന്‍ സേനാംഗങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന അന്‍സാക് ഡേയില്‍ സംസാരിക്കവേയാണ് പീറ്റര്‍ ഡട്ടണ്‍ ചൈനയുടെ ഭീഷണിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന 80 സേനാംഗങ്ങള്‍കൂടി സെപ്റ്റംബറോടെ മടങ്ങിയെത്തുമ്പോള്‍, ഓസ്ട്രേലിയയുടെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരേ ഉയരുന്ന ഭീഷണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡട്ടണ്‍ പറഞ്ഞു.
നമ്മുടെ സമീപപ്രദേശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ഓസ്ട്രേലിയയ്ക്കു സമീപമുള്ള തുറമുഖങ്ങളെ ചൈന സൈനികവല്‍ക്കരിക്കുകയാണ്. ഈ വിഷയത്തിലാണ് അടിയന്തരമായി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്-ഡട്ടണ്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന് വിക്ടോറിയ സംസ്ഥാനം ചൈനയുമായി ഏര്‍പ്പെട്ട ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭം റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌ന്റെ തീരുമാനത്തിനു പിന്നാലെയാണ് പ്രതിരോധ മന്ത്രി ചൈനക്കെതിരേ വ്യക്തമായ നിലപാടുമായി വന്നത്. വിക്ടോറിയ സംസ്ഥാനവുമായുള്ള കരാര്‍ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രകോപനപരവും അപലപനീയവുമാണെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ചൈന-ഓസ്ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും അവര്‍ ആരോപിച്ചു.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഓസ്ട്രേലിയ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുകയും ഫെഡറല്‍ സര്‍ക്കാര്‍ വിദേശ ഇടപെടല്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍നിന്നുള്ള കയറ്റുമതിക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ കോടിക്കണക്കിന് ഡോളറാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. അടുത്ത കാലത്തായി ചൈനയുമായി വര്‍ധിച്ചുവരുന്ന പിരിമുറുക്കം കൂടുതല്‍ രുക്ഷമാകുന്നതിന്റെ സൂചനകളാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.