ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; മുന്‍ മന്ത്രിയും സഹോദരനും 90 ദിവസം തടവില്‍

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; മുന്‍ മന്ത്രിയും സഹോദരനും 90 ദിവസം തടവില്‍

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ വ്യവസായ-വാണിജ്യ മന്ത്രി റിഷാദ് ബദിയുദ്ദീനെയും സഹോദരന്‍ റിയാജ് ബതിയുദ്ദീനെയും 90 ദിവസം തടവിലാക്കും. 2019-ലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനാണ് മുന്‍ മന്ത്രിയെയും സഹോദരന്‍ റിയാജ് ബതിയുദ്ദീനെയും തടവിലാക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ശ്രീലങ്കയുടെ മുന്‍ വ്യവസായ-വാണിജ്യ വകുപ്പു മന്ത്രിയായിരുന്ന റഷീദിനെയും സഹോദരനെയും ഏപ്രില്‍ 24നാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകള്‍, ചെക്ക് ഇടപാടുകള്‍, ആശയവിനിമയങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്നു സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജനറലും ശ്രീലങ്കന്‍ പോലീസ് വക്താവുമായ അജിത് രോഹാന പറഞ്ഞു.

കൊളംബോയിലെ ആഢംബര ഹോട്ടലുകളിലും മൂന്ന് പള്ളികളിലും ആക്രമണം നടത്തിയ ചാവേറുകളുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ഇരുവരെയും തടവിലാക്കുന്നതെന്നും പോലീസ് വക്താവ് പറഞ്ഞു. ഇവരിലൊരാള്‍ ചാവേറുകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു-രോഹാന പറഞ്ഞു. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെടുകയും 542-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ഇന്ത്യക്കാരായിരുന്നു.

ഐ.എസ് ബന്ധമുള്ള തൗഹീദ് ജമാ അത്തിലെ ചാവേറുകളാണ് പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈസ്റ്റര്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് 702 പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും ഇതില്‍ 202 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജിത് രോഹാന പറഞ്ഞു.

അതേസമയം റഷീദിന്റെയും സഹോദരന്റെയും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവാണ് അറസ്റ്റിലായ റിഷാദ് ബദിയുദ്ദീന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.