ഡാര്‍വിന്‍ തുറമുഖം ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തെ പാട്ടത്തിന്; അഞ്ചു വര്‍ഷം മുന്‍പത്തെ വിവാദ കരാര്‍ പുനഃപരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി

ഡാര്‍വിന്‍ തുറമുഖം ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തെ പാട്ടത്തിന്; അഞ്ചു വര്‍ഷം മുന്‍പത്തെ വിവാദ കരാര്‍ പുനഃപരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി

സിഡ്നി: ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ തുറമുഖം ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും സജീവമാകുന്നു. നോര്‍ത്തേണ്‍ ടെറിട്ടറിയുടെ ഈ നടപടി ഫെഡറല്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി കെവിന്‍ റഡ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് ചേരുന്നതാണോ ഈ കരാറെന്നു കേന്ദ്രം വിശകലനം ചെയ്യണമെന്നും കെവിന്‍ റഡ് ആവശ്യപ്പെട്ടു. ഏഷ്യാ പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുന്ന ഓസ്ട്രേലിയയിലെ തന്ത്രപ്രധാന മേഖലയിലാണ് ചൈനീസ് കമ്പനി പാട്ടക്കരാര്‍ വഴി ആധിപത്യം നേടിയത്.

2015-ലാണ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാര്‍ ചൈനീസ് കമ്പനിയായ ലാന്‍ഡ്ബ്രിഡ്ജ് ഗ്രൂപ്പുമായി 506 ദശലക്ഷം ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം മേഖലയുടെ ദീര്‍ഘകാല വാണിജ്യ നിയന്ത്രണമാണ് ചൈനീസ് കമ്പനി നേടിയത്.
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടി തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു.

അക്കാദമിക് വിദഗ്ധര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍, ദേശീയ സുരക്ഷാ വിദഗ്ധര്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങി യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പോലും പാട്ടക്കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടമില്ലാതെ ഓസ്‌ട്രേലിയയുടെ ഏറ്റവും തന്ത്രപധാനമായ സ്വത്തുക്കള്‍ ചൈനീസ് കമ്പനിക്ക് ലഭിക്കുംവിധം എന്തിന് ഈ പാട്ടക്കാരില്‍ ഒപ്പുവച്ചുവെന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. ഫെഡറല്‍ സര്‍ക്കാരുമായി ആലോചിക്കാതെയുള്ള സംസ്ഥാനത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും കടുത്ത അതൃപ്തിയുണ്ട്.

പാട്ടക്കരാര്‍ രാജ്യ താല്‍പ്പര്യത്തിന് എതിരാണെങ്കില്‍ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഫെഡറല്‍ പാര്‍ലമെന്ററി കമ്മിറ്റി കഴിഞ്ഞ മാസം ശിപാര്‍ശ ചെയ്തിരുന്നു. അടുത്തിടെ ഓസ്ട്രേലിയ നടപ്പാക്കിയ വിദേശ കാര്യ നയത്തിനു വിധേയമാണോ തുറമുഖ പാട്ടക്കരാര്‍ എന്ന് പരിശോധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് എംപിയുടെ അധ്യക്ഷതയിലുള്ള സംയുക്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും നിര്‍ദേശം നല്‍കി.

വിക്ടോറിയ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈനയുമായി ഏര്‍പ്പെട്ട ബെല്‍റ്റ് ആന്‍ഡ് റോഡ് കരാര്‍ പുതിയ നിയമനിര്‍മ്മാണത്തിലൂടെ അസാധുവാക്കിയതു പോലെ മോറിസണ്‍ സര്‍ക്കാര്‍ പാട്ടക്കരാറും റദ്ദാക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.

രാജ്യത്തിന്റെ വിദേശകാര്യ നയത്തിന് എതിരാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് കരാറെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ ഓസ്ട്രേലിയയും ചൈനയും തമ്മിലുളള ബന്ധത്തിലെ വിളളല്‍ കൂടുതല്‍ ആഴത്തിലായി. വന്‍കിട ചൈനീസ് കമ്പനികള്‍ വിക്ടോറിയ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള സാധ്യതകളെയാണ് കേന്ദ്രസര്‍ക്കാര്‍ പിഴുതെറിഞ്ഞത്.

സംസ്ഥാനങ്ങള്‍, ടെറിട്ടറികള്‍ സര്‍വകലാശാലകള്‍ എന്നിവയുടെ ആയിരത്തിലധികം വിദേശ ഇടപടാടുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. ഇത്തരം പാട്ട വ്യവസ്ഥകള്‍ പൊതുതാല്‍പര്യത്തിനുവേണ്ടിയാണോ എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നു കെവിന്‍ റഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.