സിഡ്‌നി: ഓസ്‌ട്രേലിയയിലെ നാലു തന്ത്രപ്രധാന സൈനിക താവളങ്ങളുടെ വിപുലീകരണത്തിനായി 747 ദശലക്ഷം ഡോളറിന്റെ പ്രതിരോധ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
പ്രധാനമന്ത്രിയുടെ ഇന്നത്തെ നോര്‍ത്തേണ്‍ ടെറിട്ടറി സന്ദര്‍ശനത്തിടെ പാക്കേജ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ തീരപ്രദേശങ്ങള്‍ക്കു സമീപമുള്ള തുറമുഖങ്ങള്‍ ചൈന സൈനികവല്‍കരിക്കുന്നതിനുള്ള മറുപടിയായി സ്‌കോട്ട് മോറിസന്റെ ഈ പ്രഖ്യാപനത്തെ വിലയിരുത്താം.
പ്രതിരോധ മേഖലയിലെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയുമായുള്ള സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ ഓസ്‌ട്രേലിയയുടെ ഈ തീരുമാനം കരുത്തു പകരുമെന്നാണു കരുതുന്നത്. ഏഷ്യാ പസഫിക്ക് മേഖലയുമായി ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളിലൊന്നാണ്് നോര്‍ത്തേണ്‍ ഓസ്ട്രേലിയയിലേത്.
നോര്‍ത്തേണ്‍ ടെറിട്ടറിയിലെ റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്‌സ് (RAAF) ബേസ് ടിന്‍ഡല്‍ നവീകരിക്കാന്‍ ഫെബ്രുവരിയില്‍, ഫെഡറല്‍ ഗവണ്‍മെന്റ് 1.1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ യു.എസ്.-ഓസ്ട്രേലിയ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ എഫ്. 35 ജോയിന്റ് സ്‌ട്രൈക്ക് യുദ്ധവിമാനങ്ങളുടെ ആസ്ഥാനമായി RAAF മാറും.
വാണിജ്യ-നയതന്ത്ര മേഖലയിലടക്കം ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് ഇന്നത്തെ പ്രഖ്യാപനം. ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങള്‍ സ്വതന്ത്ര രാജ്യങ്ങള്‍ക്ക് യുദ്ധത്തിനുള്ള മുന്നറിയിപ്പാണെന്ന് കഴിഞ്ഞ ദിവസം ഫെഡറല്‍ സര്‍ക്കാരിന്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ സമാധാനം ആഗ്രഹിക്കുന്നത് സ്വതന്ത്ര്യം അടിയറ വച്ചുകൊണ്ടല്ലെന്ന് ആഭ്യന്തരകാര്യ വകുപ്പ് സെക്രട്ടറി മൈക്ക് പെസുല്ലോ സൂചിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.