വിലക്ക് ലംഘിച്ച് ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും; കടുത്ത തീരുമാനത്തിനൊരുങ്ങി സര്‍ക്കാര്‍

വിലക്ക് ലംഘിച്ച് ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലെത്തുന്നവര്‍ക്ക്  അഞ്ച് വര്‍ഷം വരെ തടവും പിഴയും;  കടുത്ത തീരുമാനത്തിനൊരുങ്ങി സര്‍ക്കാര്‍

സിഡ്‌നി: കോവിഡ് രോഗികള്‍ നിയന്ത്രണാതീതമായ ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് വിലക്കു ലംഘിച്ച് ആരെങ്കിലും തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ അവരെ അഞ്ച് വര്‍ഷം വരെ ജയിലിലടയ്ക്കുന്നതും പിഴ ഈടാക്കുന്നതും ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ കടുത്ത തീരുമാനമെന്ന് നയന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 66,000 ഡോളര്‍ വരെയാണ് പിഴയോ ഈടാക്കുക.

ഓസ്ട്രേലിയയിലെ ബയോ സെക്യൂരിറ്റി നിയമപ്രകാരമാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. ഇത് ഇന്ന്  അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണു കരുതുന്നത്. ഓസ്ട്രേലിയയില്‍ എത്തുന്നതിനു മുന്‍പുള്ള 14 ദിവസങ്ങള്‍ മുമ്പ് ഹൈ റിസ്‌ക് രാജ്യത്ത് ആയിരുന്നെങ്കില്‍ തിരിച്ചുവരുന്നത് കുറ്റകൃത്യമായി കണക്കാക്കും. നിയമപ്രകാരമുള്ള കോവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടിനെ ചുമതലപ്പെടുത്തി.

വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടും ചില ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ ദോഹ വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റുകളില്‍ നാട്ടിലെത്തിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് തീരുമാനം. ഒന്‍പതിനായിരത്തിലധികം പേരാണ് ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. ഇവരെ കഴിയുന്നതും വേഗം സ്വദേശത്തേക്ക് കൊണ്ടുവരാനുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നതിനാല്‍ ഇത് ഉടന്‍ സാധ്യമാകുമോയെന്നു സംശയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26