അഞ്ഞൂറ് രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

അഞ്ഞൂറ് രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ല. ചില ലാബുകാര്‍ ആര്‍ടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് അവര്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ലാബുകള്‍ ടെസ്റ്റ് ചെയ്യണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ പഠനത്തിനുശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്ന് അവര്‍ മനസിലാക്കണം. ആര്‍ടിപിസിആര്‍ ടെസ്റ്റിനു ചെലവ് 240 രൂപയാണ്.

ടെസ്റ്റിനുള്ള മനുഷ്യവിഭവംകൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാം. എന്നാല്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരം ഘട്ടത്തില്‍ എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില സ്വകാര്യ ലാബുകള്‍ ഇന്നലെ താല്‍കാലികമായി നിര്‍ത്തിവച്ച ആര്‍ടിപിസിആര്‍ പരിശോധനകള്‍ വീണ്ടും തുടങ്ങി. പല ലാബുകളും പഴയ 1700 രൂപ നിരക്കില്‍ തന്നെ ആണ് ടെസ്റ്റ് നടത്തുന്നത്. സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ വ്യാഴാഴ്ച വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് തുക 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികളും ആശുപത്രികളും പരിശോധന നടത്തുവാന്‍ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇന്നലെ രാവിലെയും 1700 രൂപ നിരക്കില്‍ തന്നെ ലാബുകള്‍ പരിശോധന നടത്തി. തുടര്‍ന്ന് ഉത്തരവിറങ്ങിയെങ്കിലും 500 രൂപ പരിശോധനാ നിരക്ക് എന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ലാബ് ഉടമകള്‍ സ്വീകരിച്ചത്. 500 രൂപ പര്യാപ്തമല്ലെന്നാണ് ഇവരുടെ വാദം.

ഇതിനു പിന്നാലെയാണ് പല ലാബുകളും ഇന്നും പഴയ നിരക്കില്‍ തന്നെയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.