എങ്ങനെയാണ് ക്രിസ്തു സഭയെ സ്നേഹിച്ചത് ?
ബാബു ജോണ്‍
(TOB FOR LIFE ഡയറക്ടറും, ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
കൗദാശിക വിവാഹത്തിൽ ദമ്പതികൾ പ്രധാനമായും എടുക്കുന്ന നാലു വിവാഹ വാഗ്ദാനങ്ങളാണ് സ്വതന്ത്രമായി, വിശ്വസ്തമായി, സമ്പൂർണമായി, ഫലദായകമായി എന്നിവ. (ഫ്രീ,ഫെയ്ത്ഫുൾ , ടോട്ടൽ & ഫ്രുട്ഫുൾ ). ഈ വിവാഹവാഗ്ദാനങ്ങളും ദാമ്പത്യ ജീവിതവും ശരിക്കും മനസ്സിലാകണമെങ്കിൽ പൗലോസ് അപ്പോസ്തോലൻ പറയുന്നതുപോലെ, നിത്യ മണവാളനായ ക്രിസ്തു തൻ്റെ മണവാട്ടിയായ സഭയെ എങ്ങനെ സ്നേഹിച്ചുവെന്നു മനസ്സിലാക്കേണ്ടതുണ്ട്. വിവാഹ ഉടമ്പടിയുടെ ഈ നാലു ഘടകങ്ങൾ തന്നെയാണ് മണവാളനായ ക്രിസ്തു തൻ്റെ മണവാട്ടിയായ സഭയെ സ്നേഹിക്കുവാൻ ഉപയോഗിക്കുന്നത്.
സ്വതന്ത്രമായി:
ക്രിസ്തു സ്വതന്ത്രമായി നമ്മെ സ്നേഹിക്കുന്നു. ഈശോ അരുളിച്ചെയ്തു:
“ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയില്ല. ഞാൻ അത് സ്വമനസ്സ സമർപ്പിക്കുകയാണ്.” ( യോഹ 10:18). ഈ സ്നേഹത്തിനു പകരമായി നമ്മിൽ നിന്നും ഒന്നും തിരികെ ആവശ്യപ്പെടുന്നില്ല. അത് തികച്ചും സൗജന്യമാണ്. അത് ലഭിക്കുന്ന വ്യക്തി സ്നേഹം തിരികെ നല്കുന്നില്ലെങ്കിലും ആ വ്യക്തി അത് അർഹിക്കുന്നില്ലെങ്കിൽ പോലും ദൈവം സ്‌നേഹിക്കുന്നു. അത് വ്യവസ്ഥയില്ലാത്തതാണ് . നിനക്ക് നന്മയാഗ്രഹിക്കുന്നതിൽനിന്നു ദൈവത്തെ ആർക്കും പിന്തിരിപ്പിക്കാനാവില്ല.
സമ്പൂർണ്ണമായി:
“തന്നെത്തന്നെ ശൂന്യനാക്കികൊണ്ടു ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്നു" (ഫിലി 2:7). യാതൊരു മുൻവിധിയുമില്ലാതെ ദൈവം നമ്മെ പൂർണ്ണമായി സ്നേഹിക്കുന്നു. ആ സ്നേഹത്തിനു ഒരിക്കലും കുറവ് വരുന്നില്ല. സ്വന്തമായി ഒന്നും പിടിച്ചുവയ്ക്കാതെ മനുഷ്യവംശത്തിന്റെ പരിപോഷണത്തിനായി "ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്" (ലൂക്ക 22:19) എന്ന് പറഞ്ഞുകൊണ്ട് തൻ്റെ ശരീരം വരെ കീറിമുറിച്ചു തരുന്ന സമ്പൂർണ്ണ സ്നേഹമാണത്. സ്വന്തം ഇഷ്ടങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒട്ടും വില കല്പിക്കാത്ത സ്നേഹം.
വിശ്വസ്തതയോടെ:
വിശ്വസ്തതയോടെ അവിടുന്ന് നമ്മെ സ്നേഹിച്ചു .നമ്മുടെ ജീവിതത്തിന്റെ അവസാനം വരെ നമ്മെ കൂടെ കൊണ്ടുനടക്കുന്നവനാണ് അവിടുന്ന് . " ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല . ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും (യോഹ 14:18) "യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും "(മത്താ 28:20) ഇത് അവിടുന്ന് പഠിപ്പിക്കുക മാത്രമല്ല, നമുക്ക് അനുഭവമാക്കി മാറ്റുകയും ചെയ്തു. സ്നേഹം സ്വീകരിക്കുന്ന വ്യക്തി അവിസ്‌തനായിരിക്കുമ്പോഴും ദൈവത്തിന്റെ സ്നേഹം എന്നേക്കും മാറ്റമില്ലാതെ തുടരുന്നു.. അവിടുന്ന് നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നു.
ഫലദായകമായി:
ക്രിസ്തു നമ്മെ സ്നേഹിക്കുന്നത് ഫലദായകമായിട്ടാണ്. യേശു പറഞ്ഞു " വഴിയും സത്യവും ജീവനും ഞാനാണ് , എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല " (യോഹ 14:6) " ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ഉണ്ടാകുവാനും, അത് സമൃദ്ധിയായി ഉണ്ടാകുവാനും വേണ്ടിയാണു " (യോഹ 10:10).ജീവൻ നൽകുവാനും അതിൽ മറ്റുള്ളവരെ പങ്കുകാരാക്കുവാനും ദൈവം എപ്പോഴും പരിശ്രമിക്കുന്നു . തന്റെ മണവാട്ടിയായ സഭക്ക് ജീവൻ സമൃദ്ധിയായി ഉണ്ടാകുന്നതിനുവേണ്ടിയാണ് ക്രിസ്തു മനുഷ്യന്റെ രൂപം സ്വീകരിച്ചത് . ആ സ്നേഹം ഉദാരമാണ് . അത് സൃഷ്ടിപരമണ്. അത് ജീവന്റെ പൂർണതയിലേക്ക് തന്റെ മണവാട്ടിയെ നയിക്കുന്നു. ആ സ്നേഹം നമ്മിൽ നിത്യജീവൻ ജനിപ്പിക്കുന്നു.
ഈ നാലു ഘടകങ്ങളുള്ള ദൈവ സ്നേഹത്തിന്റെ പ്രതീകമാണ് വിവാഹ വാഗ്ദാനത്തിലൂടെ ദമ്പതികൾ നിറവേറ്റുന്നത്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ സ്വയം ദാനമായി ഞാൻ എന്നെത്തന്നെ നിനക്കായി പൂർണമായും സ്വതന്ത്രമായും വിശ്വസ്തതയോടെ ഫലദായകമായ വിധത്തിൽ നൽകുന്നു എന്ന സന്ദേശമാണ് വിവാഹ വാഗ്ദാനങ്ങളിലൂടെയും ദാമ്പത്യത്ത സംയോഗത്തിലൂടെയും ദമ്പതികൾ പ്രകടമാക്കേണ്ടത്.
(അടുത്ത ആഴ്ചയിൽ തുടരുന്നതാണ്)
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.
തിയോളജി ഓഫ് ദി ബോഡിയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26