ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡിഎംകെ മുന്നണി 139 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 93 സീറ്റിലും ലീഡ് ചെയ്യുന്നു.
ടി.ടി.വി. ദിനകരന്റെ എഎംഎംകെ ഒരു സീറ്റിലും കമല്‍ഹാസന്റെ എംഎന്‍എം ഒരു സീറ്റിലും മുന്നിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിച്ച് അണ്ണാഡിഎംകെ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.
എക്‌സിറ്റ് പോളുകള്‍ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോള്‍ 2016 ല്‍ എട്ടില്‍ അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. പ്രവചനങ്ങള്‍ ശരിവച്ച് 160 ല്‍ ഏറെ സീറ്റുകളോടെ 10 വര്‍ഷത്തിനു ശേഷം ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവര്‍ കടന്നേക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകും.
ഡിഎംകെയുടെ ചുമലിലേറി കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. ഇരുപതിലേറെ സീറ്റില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് കക്ഷികള്‍ക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ ബിജെപിക്കു നേട്ടമായോ എന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു. തമിഴകത്ത് കാലൂന്നാനുള്ള അവരുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന സൂചനകളാണു എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.