ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികളോടായി ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനം

ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികളോടായി  ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനം

മെല്‍ബണ്‍: കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാനായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനം.

നമ്മുടെ മാതൃരാജ്യത്തിന്റെ രക്ഷയ്ക്കായുള്ള ദൈവീക ഇടപെടലിനായി മേയ് ഏഴിന് പ്രാര്‍ഥനാ ഉപവാസ ദിനമായി ആചരിക്കാന്‍ ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷനായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിയസ് ആഹ്വാനം ചെയതിരിക്കുകയാണ്.

ദുരിതമനുഭവിക്കുന്ന കോവിഡ് രോഗികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രൂപതകളിലും മിഷനുകളിലും പ്രാര്‍ഥനാ ഉപവാസ ദിനം ആചരിക്കണം. മഹാമാരിയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കാന്‍ നമുക്ക് തീവ്രമായി ദൈവത്തോടു പ്രാര്‍ഥിക്കാം. പ്രാര്‍ഥനയ്‌ക്കൊപ്പം ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള കടമയും നമുക്കുണ്ട്.

കോവിഡ് പ്രതിരോധ വാക്‌സിനും ഓക്‌സിജനും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന തീവ്രപരിശ്രമങ്ങള്‍ അപര്യാപതമായ സാചര്യത്തില്‍ സഹായമെത്തിക്കാന്‍ ദൈവം നമ്മെ ചുമതലപ്പെടുത്തുണ്ട്.

മേയ് ഒന്‍പതിന് ഞായറാഴ്ച്ച പള്ളികളിലെ സ്‌തോത്ര കാഴ്ച്ച ഈ നിയോഗത്തിനായി നല്‍കണമെന്നു ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. എല്ലാവരും ഉദാരമായി സംഭാവന ചെയ്യണം. അടിയന്തര സ്വഭാവമുള്ളതു കൊണ്ട് ഈ തുക എത്രയും വേഗം രൂപത കേന്ദ്രത്തില്‍ എത്തിക്കണം. സമാഹരിച്ച തുക ഒാസ്‌ട്രേലിയയിലെ കാത്തലിക് മിഷന്‍ വഴി കാരിത്താസ് ഇന്ത്യയിലേക്ക് എത്തിക്കുന്നതും കാരിത്താസ് ഇന്ത്യ ഏറ്റവും അര്‍ഹമായ സ്ഥലങ്ങളില്‍ അത് വിതരണം ചെയ്യുന്നതുമാണ്. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും സാമ്പത്തിക സഹായത്തിനും ദൈവം അനുഗ്രഹിക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26