ബംഗളൂരു: കര്‍ണാടകയിലും ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ശ്വാസം കിട്ടാതെ കുറഞ്ഞത് 12 രോഗികള്‍ പിടഞ്ഞുമരിച്ചു എന്നാണ് വിവരം. ചാമരാജനഗര്‍ ജില്ലയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് മരണകാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വെന്റിലേറ്ററില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ശനിയാഴ്ച കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു.
കഴിഞ്ഞാഴ്ച ഡല്‍ഹിയിലും മറ്റുമായി നിരവധിപ്പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് എട്ടുരോഗികള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞാഴ്ചയാണ് പുറത്തുവന്നത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ സുപ്രീംകോടതി ഇടപെട്ടു. ഡല്‍ഹിക്കു വകയിരുത്തിയ ഓക്‌സിജന്‍ ക്വോട്ട തിങ്കളാഴ്ച അര്‍ധരാത്രിക്കു മുന്‍പു വിതരണം ചെയ്യണമെന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ ഡോക്ടറടക്കം എട്ട് കോവിഡ് രോഗികള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.