മോഡേണ വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ലോകാരോഗ്യസംഘടന അംഗീകരിക്കുന്ന നാലാമത്തെ വാക്‌സിന്‍

മോഡേണ വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ലോകാരോഗ്യസംഘടന അംഗീകരിക്കുന്ന നാലാമത്തെ വാക്‌സിന്‍

ജനീവ: യു.എസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന് അംഗീകാരവുമായി ലോകാരോഗ്യ സംഘടന. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിനും (കൊവിഷീല്‍ഡ്) ഫൈസര്‍ ബയോന്‍ടെക് വാക്‌സിനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിക്കുന്ന നാലാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണിത്.

വരും ദിവസങ്ങളില്‍ ചൈന വികസിപ്പിച്ച സിനോഫാം, സിനോവാക് വാക്‌സിനുകള്‍ക്കും ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുമെന്നാണ് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ചുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ മാസങ്ങളോളം വൈകിയാണ് മോഡേണ വാക്‌സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കുന്നത്.

വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും ഗുണനിലവാരം പരിശോധിക്കാനും വിപുലമായ സൗകര്യങ്ങളില്ലാത്ത രാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരമാണ് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മാനദണ്ഡമാക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യൂണിസെഫ് ഉപയോഗിക്കുന്നതും ലോകാരോഗ്യസംഘടനയുടെ പട്ടികയാണ്.

അതേസമയം, ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെങ്കിലും വികസ്വര രാജ്യങ്ങളിലേക്ക് മോഡേണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ധനികരാജ്യങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ഇനിയും വിതരണം ചെയ്യാനുണ്ടെന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം വൈകുന്നത്. അതേസമയം, ദരിദ്രരാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള കൊവാക്‌സ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് മോഡേണ സി.ഇ.ഒ സ്റ്റെഫാന്‍ ബാന്‍സെല്‍ പറഞ്ഞു.

നിലവില്‍ മറ്റു രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാല്‍ തങ്ങളുടെ കൊവിഡ് 19 വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ വിതരണം ചെയ്യേണ്ടെന്നാണ് മോഡേണയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അടക്കമുള്ള വിദേശ കമ്പനികള്‍ ഇന്ത്യയില്‍ വാക്‌സിന്‍ പുറത്തിറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.