വത്തിക്കാന്‍ സിറ്റി: മുന്തിരിവള്ളിയെ ആശ്രയിക്കാതെ ശാഖകള്‍ക്കു നിലനില്‍പ്പില്ലെന്നതു പോലെ ക്രിസ്തുവുമായി ഐക്യപ്പെടാതെ ക്രൈസ്തവ ജീവിതം പൂര്‍ണത കൈവരിക്കുന്നില്ലെന്നു ഫ്രാന്‍സിസ് പാപ്പ. ഈസ്റ്ററിന്റെ അഞ്ചാം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഉയിര്‍പ്പുകാലത്ത് ചൊല്ലുന്ന 'സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും' എന്ന പ്രാര്‍ഥന നയിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നിരവധി വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. ദിവ്യബലിമധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍ യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായം 1-8 വരെയുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. ക്രിസ്തുവുമായി ഐക്യപ്പെടുകയും അവനില്‍ സജീവമായി വസിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നതായിരുന്നു ഫ്രാന്‍സിസ് പിതാവിന്റെ സന്ദേശം.
താന്‍ മുന്തിരിച്ചെടിയും തന്റെ പിതാവ് ഫലമേകുന്ന ശാഖകളെ വെട്ടി ഒരുക്കുന്ന കൃഷിക്കാരനുമാണെന്നുള്ള യേശുവിന്റെ ഉപമയാണ് പാപ്പാ തെരഞ്ഞെടുത്തത്. കര്‍ത്താവ് മുന്തിരിവള്ളിയായി സ്വയം വിശേഷിപ്പിക്കുകയും അവനുമായി ഐക്യപ്പെടാതെ നിലനില്‍ക്കാനാവാത്ത ശാഖകളായി നമ്മെ ഉപമിക്കുകയും ചെയ്യുന്നു. അവിടന്ന് ഇങ്ങനെ പറയുന്നു: 'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ശാഖകള്‍ ഒരിക്കലും സ്വയംപര്യാപ്തമല്ല. അവയുടെ നിലനില്‍പ്പ് മുന്തിരിവള്ളിയെ ആശ്രയിച്ചിരിക്കുന്നു'. മുന്തിരി വള്ളിക്ക് ശാഖകള്‍ എന്നപോലെ യേശുവിനു നമ്മെയും ആവശ്യമുണ്ട്.
നമ്മെ തെരഞ്ഞെടുത്തത് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയോടു ചേര്‍ന്നുനിന്നു നല്ല ഫലങ്ങള്‍ പുറപെടുവിക്കാനാണ്. ശാഖകളാകുന്ന നാം ക്രിസ്തുവെന്ന മുന്തിരി വള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വന്തമായി ഫലം കായിക്കാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ വസിക്കാത്ത കൊമ്പുകള്‍ ഒക്കെയും നീക്കിക്കളയപ്പെടും. തന്നില്‍ വസിക്കുന്നവര്‍ കൂടുതല്‍ ഫലം കായിക്കേണ്ടതിനു ചെത്തി ഒരുക്കുകയും ചെയ്യും.
സുവിശേഷ ഭാഗത്തില്‍ 'നിലനില്‍ക്കുക' എന്ന പദം യേശു ഏഴു തവണ ആവര്‍ത്തിക്കുന്നതായി കാണാം. ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്കു പോകുന്നതിനു മുമ്പ് യേശു, തന്നോടുള്ള ഐക്യം തുടരാനാകുമെന്ന് ശിഷ്യന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു. അവിടുന്ന് പറയുന്നു: നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും (യോഹന്നാന്‍ 15:4). ഈ 'വസിക്കല്‍' നിഷ്‌ക്രിയമല്ല. യേശുവിലുള്ള നിലനില്‍പ് ക്രിയാത്മകവും പാരസ്പര്യമുള്ളതുമാണ്.
മുന്തിരിച്ചെടിയോടു ചേര്‍ന്നു നില്‍ക്കാത്ത ശാഖകള്‍ക്ക് ഒന്നും ചെയ്യാനുള്ള കഴിവുണ്ടാകില്ല. വളരാനും ഫലം പുറപ്പെടുവിക്കാനും അവയ്ക്ക് ജീവരസം ആവശ്യമാണ്. അതുപോലെ മുന്തിരിച്ചെടിക്ക് ശാഖകളും അനിവാര്യമാണ്. കാരണം മരത്തിന്റെ തായ്ത്തണ്ടിലല്ല ഫലങ്ങള്‍ ഉണ്ടാകുന്നത്. ഇത് പരസ്പരമുള്ള ആവശ്യമാണ്. ഈ പാരസ്പര്യം ഫലം കായ്ക്കാന്‍ ആവശ്യമാണ്. മുന്തിരി വള്ളിയുടെ ഈ ഉപമ പോലെ നാം യേശുവിലും യേശു നമ്മിലും വസിക്കുന്നു.
മുന്തിരിച്ചെടിക്ക് ശാഖകള്‍ എന്ന പോലെ, യേശുവിനു നമ്മെയും ആവശ്യമുണ്ട്. യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അര്‍ഥത്തിലാണ്? പിതാവിന്റെ പക്കലേക്ക് യേശു ആരോഹണം ചെയ്ത ശേഷം ശിഷ്യന്മാരുടെ കടമ സുവിശേഷം പ്രഘോഷിക്കുന്നത് തുടരുകയെന്നതാണ്. അതുപോലെ ശാഖകളെന്ന നിലയില്‍ നാം നല്‍കേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്.
അവന്റെ കല്‍പ്പനകള്‍ പാലിക്കുന്നതിനുമുമ്പ്, അവനില്‍ വസിക്കാന്‍ നാം അവനോടൊപ്പം ചേരേണ്ടത് ആവശ്യമാണ്. അങ്ങനെ ക്രിസ്തുവിനോട് ഐക്യപ്പെടുമ്പോള്‍ നാം പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹരാകുന്നു. അതിലൂടെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ കഴിയുന്നു. സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യാന്‍ സാധിക്കുന്നു. അതേസമയം നാം യേശുവില്‍ വസിക്കുന്നില്ലെങ്കില്‍ നമുക്ക് നല്ല ക്രിസ്ത്യാനികളാകാന്‍ കഴിയില്ല-പാപ്പാ പറഞ്ഞു.
ഉപസംഹാരമായി, മാര്‍പ്പാപ്പ യേശുവിന്റെ വാക്കുകള്‍ അനുസ്മരിച്ചു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചോദിക്കുക, അത് നിങ്ങള്‍ക്കു ലഭിക്കും. നമ്മുടെ ജീവിതത്തിന്റെ ഫലപ്രാപ്തി പ്രാര്‍ത്ഥനയെ ആശ്രയിച്ചിരിക്കുന്നു.
അവിടത്തെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും, ലോകത്തെ യേശുവിന്റെ കണ്ണുകളാല്‍ കാണാനും നമുക്ക് പ്രാര്‍ഥിക്കാം. അവിടുന്നു ചെയ്തപോലെ, ഏറ്റവും ദരിദ്രരും ക്ലേശിതരുമായവര്‍ മുതല്‍ എല്ലാ സഹോദരീസഹോദരന്മാരെയും ഹൃദയംകൊണ്ടു സ്‌നേഹിക്കാനും ലോകത്തിലേക്ക് നന്മയുടെ ഫലങ്ങള്‍, ഉപവിയുടെ ഫലങ്ങള്‍, സമാധാനത്തിന്റെ ഫലങ്ങള്‍ കൊണ്ടുവരാനും നമുക്കു സാധിക്കുമെന്നു ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26