ചൈന റോക്കറ്റ് കത്തിക്കുമ്പോള്‍ ഇന്ത്യ ചിത കത്തിക്കുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിഹാസപോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം

ചൈന റോക്കറ്റ് കത്തിക്കുമ്പോള്‍ ഇന്ത്യ ചിത കത്തിക്കുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിഹാസപോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം

ബെയ്ജിംഗ്: ഇന്ത്യയിലെ കോവിഡ് ദുരന്തത്തെ പരിഹസിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമൂഹ മാധ്യമത്തില്‍ വന്ന പോസ്റ്റിനെതിരേ വന്‍ പ്രതിഷേധം. പാര്‍ട്ടിയിലെ ഉന്നതര്‍ നിയന്ത്രിക്കുന്ന വീബോ അക്കൗണ്ടിലൂടെയാണ് ഇന്ത്യയെ പരിഹസിച്ചുള്ള
പോസ്റ്റ് പ്രത്യക്ഷമായത്. ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റിന്റെ ചിത്രവും ഇന്ത്യയില്‍ ചിത കത്തുന്ന ചിത്രവുമാണ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ട്വിറ്റര്‍ പോലെ 15 ദശലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് വീബോ.

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തില്‍നിന്നു പറന്നുയരുന്ന ലോങ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ ചിത്രവും കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കത്തിക്കുന്ന ചിത്രവും താരതമ്യപ്പെടുത്തിയുള്ള പോസ്റ്റിന് 'ചൈന തീ കത്തിക്കുന്നു; ഇന്ത്യയും തീ കത്തിക്കുന്നു എന്ന അടിക്കുറിപ്പും നല്‍കി. പോസ്റ്റ് അനുചിതമെന്ന് വലിയ വിഭാഗം ആളുകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഡോംഗ് മെന്‍ഗ്യു എന്ന ഗവേഷകന്‍ മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യന്‍ ജനതയോട് താന്‍ മാപ്പപേക്ഷിക്കുന്നു എന്ന് ഡോംഗ് പറഞ്ഞു. വീബോ അക്കൗണ്ടിലെ പോസ്റ്റ് തന്നെ പ്രതിനിധീകരിക്കുന്നില്ല. നമ്മള്‍ ഒരേ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നും നിങ്ങളുടെ വിഷമം ഞങ്ങള്‍ക്ക് മനസിലാകുമെന്നും ഡോംഗ് ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.