അമേരിക്കയിലെ ലബക്കിൽ ഇനി ഗർഭസ്ഥശിശുക്കളെ കൊല്ലില്ല

അമേരിക്കയിലെ ലബക്കിൽ ഇനി ഗർഭസ്ഥശിശുക്കളെ കൊല്ലില്ല

ടെക്‌സാസ് :അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ലബക്ക് പട്ടണത്തെ ഗർഭസ്ഥശിശുക്കൾക്ക്  സങ്കേത നഗരം  എന്ന് പ്രഖ്യാപിച്ച്, എല്ലാ ഗർഭച്ഛിദ്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗർഭച്ഛിദ്രം നിരോധിച്ച 25-ാമത്തെ  നഗരമാണിത്.

ഒരു സ്ത്രീയുടെ ജീവൻ അപകടത്തിലാകുമ്പോൾ ഒഴികെ എല്ലാ കേസുകളിലും ഗർഭം അലസിപ്പിക്കൽ ലബക്ക് ഓർഡിനൻസ് വഴി നിരോധിച്ചിരിക്കുന്നു. ടെക്സസിലെ ഏതെങ്കിലും സ്വകാര്യ പൗരനോ ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയുടെ കുടുംബാംഗത്തിൽ ആരെങ്കിലുമോ ഗർഭഛിദ്രം നടത്തിയവർക്കെതിരെയോ അല്ലെങ്കിൽ സഹായിച്ചവർക്കെതിരെയോ കേസെടുക്കാൻ ഈ നിയമം അനുവദിക്കുന്നു.

മെയ് ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 63 ശതമാനം വോട്ടുകളും ലബക്കിന്റെ ഭ്രൂണഹത്യാ നിരോധന നടപടിയെ പിന്തുണച്ചതായി തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ഈ നിയമം ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.  എന്നാൽ ഇതിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ നിയമനടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും  സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരവുമാണ് പുതിയ നിയമം എന്നാണ് അവരുടെ വാദം . ടെക്സസിലെ മറ്റ് സങ്കേത നഗരങ്ങൾക്കെതിരെയും എസി‌ എൽ‌ യു കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. രണ്ട് പ്രത്യുത്പാദന അവകാശ ഗ്രൂപ്പുകളെ (ഭ്രൂണഹത്യകൾക്കയായി വാദിക്കുന്നവർ) ക്രിമിനൽ ഓർഗനൈസേഷനുകൾ എന്ന് മുദ്രകുത്തുന്ന വാക്ക് ഓർഡിനൻസുകളിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ആ കേസ് ഉപേക്ഷിച്ചത്.

ഗർഭാവസ്ഥയുടെ ആദ്യമൂന്നുമാസത്തിനുള്ളിൽ ഗർഭച്ഛിദ്രം നടത്താനുള്ള ഒരു സ്ത്രീയുടെ അവകാശം 1973 ൽ ജെയിൻ റോയ് - ഹെൻറി വേഡ് കേസിലെ അമേരിക്കൻ സുപ്രീം കോടതിയുടെ വിധിന്യായത്തെ തുടർന്ന് ദേശീയതലത്തിൽ സംരക്ഷിക്കപ്പെട്ടു. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ സുപ്രീം കോടതിയിൽ യാഥാസ്ഥിതികർ ഭൂരിപക്ഷം നേടിയതിന് ശേഷം പ്രാദേശിക തലത്തിൽ അബോർഷൻ പോരാട്ടങ്ങൾ ചൂടുപിടിച്ചുവരുന്നു. റോയി - വേഡ് വിധി അസാധുവാക്കപ്പെടുകയാണെങ്കിൽ, അബോർഷൻ  നിയന്ത്രിക്കുന്നത് സംസ്ഥാന, പ്രാദേശിക നിയമങ്ങളായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.