പുനരൈക്യത്തിന്റെ രക്തസാക്ഷി: മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്താ

പുനരൈക്യത്തിന്റെ രക്തസാക്ഷി: മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്താ

പഴയകൂർ പുത്തൻകൂർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ട കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുവാൻ തന്റെ ജീവിതം വിലയായി നൽകിയ ധീര സഭാസ്നേഹിയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ജന്മദിനം മെയ് 5-ന് ആചരിക്കുന്നു.

എറണാകുളം ജില്ലയിലെ ആലങ്ങാട്ട് ഗ്രാമത്തിൽ 1742 മെയ്‌ 5-ന് പൈലി മറിയം ദമ്പതികളുടെ നാലാമത്തെ മകനായി അദ്ദേഹം ജനിച്ചു. കൂർമ്മബുദ്ധിയും വിശ്വാസകാര്യത്തിൽ അതീവ ശ്രദ്ധാലുവുമായ കരിയാറ്റിയിൽ ജോസഫ് പതിമൂന്നാം വയസിൽ റോമിലേക്ക് പഠനത്തിനായി അയക്കപ്പെട്ടു. റോമിലെ പ്രൊപ്പഗാന്താ യൂണിവേഴ്സിറ്റിയിൽനിന്നും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലും അദ്ദേഹം ഡോക്ടറേറ്റുകൾ നേടി. 1766 മാർച്ചിൽ 15-ന് റോമിൽ വച്ച് വൈദീക പട്ടം സ്വീകരിച്ചതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി. ആലങ്ങാട് സെമിനാരിയിൽ സുറിയാനി മല്പാനായി നിയമിതനായി.

കൂനൻ കുരിശുസത്യത്തിലൂടെ ഭിന്നിച്ചുപോയ മാർത്തോമ്മാ ക്രിസ്‌ത്യാനികളെ (പുത്തൻകൂറ്റുകാർ) മാതൃസഭയിലേക്കു തിരിച്ചുകൊണ്ടുവരുവാനും കേരളത്തിലെ മാർത്തോമ്മാ ക്രിസ്‌ത്യാനികൾക്ക്‌ വിദേശികളായ മതമേലധ്യക്ഷന്മാരുടെ ഭരണത്തിൻ കീഴിൽനിന്നു മോചനംനേടാനും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമാണ് അദ്ദേഹം നടത്തിയ റോമാ യാത്ര. 1778 നവംബർ 14 ന് കരിയാറ്റിയും പാറേമാക്കൽ തോമ്മാക്കത്തനാരും രണ്ട് ശെമ്മാശന്മാരും റോമിലേക്ക് കപ്പൽ യാത്ര ആരംഭിക്കുകയും 1780 ജനുവരി 30 ന് റോമിൽ എത്തിചേരുകയും ചെയ്തു. അവിടെനിന്നും പിന്നീട് ലിസ്ബണിൽ അവർ എത്തിച്ചേർന്നു.

1782 ജൂലൈ 16-ന് പോർച്ചുഗീസ് രാജ്ഞി മാർപാപ്പയിൽ നിന്ന് ലഭിച്ചിരുന്ന പാദ്രുവാദോ അധികാരപ്രകാരം കരിയാറ്റിയെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിച്ചു. ആ വർഷംതന്നെ മാർച്ച് 17-നു കരിയാറ്റി പിതാവിന് മെത്രാപ്പൊലീത്തായ്ക്കടുത്ത പാലിയം ( റോമാ സഭയുടെ ആചാരമനുസരിച്ചു മെത്രാപ്പോലീത്ത സ്ഥാനത്തിന്റെ പൂർത്തീകരണമായ തിരുവസ്ത്രം) ലഭിച്ചു. മാർ തോമ ആറാമനെയും പുത്തൻകൂർ വിഭാഗത്തെയും മാതൃസഭയുമായി ഒന്നിപ്പിക്കാൻ ആവശ്യമായ എല്ലാ പദവികളും അധികാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇതേസമയം കേരളത്തിലെ ലത്തീൻ മിഷണറിമാരിൽ ചിലർ കരിയാറ്റി മെത്രാപ്പോലീത്തയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് തടയാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു. നാട്ടുമെത്രാൻ വന്നുകഴിഞ്ഞാൽ യൂറോപ്യന്മാർക്കു ഇവിടെയുള്ള അധികാരം നഷ്ടപ്പെടും എന്നതിനാലായിരുന്നു ഈ നീക്കം.  തിരികെ കേരളത്തിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ കേരളത്തിൽ ഇറങ്ങാൻ പോർച്ചുഗീസ് അധികരികൾ അനുവദിക്കാത്തതിനാൽ അദ്ദേഹത്തിന് ഗോവയിൽ ഇറങ്ങേണ്ടി വന്നു. അവിടെ വച്ചു 1786 സെപ്റ്റംബർ 9-ന് രാത്രി 9:30-ന് മാർ കരിയാറ്റി ദുരൂഹസാഹചര്യത്തിൽ ആകസ്മികമായി ചരമം പ്രാപിച്ചു. ഗുരുതരമായ പനിയും ശ്വാസസംബന്ധമായ ഉണ്ടായ അസ്വസ്ഥതയുമാണ് മരണത്തിനു കാരണമെന്ന് പ്രചരിച്ചിരുന്നു. എങ്കിലും മാമ്പഴം കഴിച്ചപ്പോൾ ഉണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് വർത്തമാനപുസ്തകത്തിൽ പാറേമ്മാക്കൽ പറഞ്ഞു വയ്ക്കുന്നു. ഗോവൻ ആർച്ച്  ബിഷപ്പിന്റെ വസതിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പിറ്റേന്ന് ഗോവയിലെ സെൻറ് കാതറിൻ സിംഹാസനപള്ളിയിൽ കബറടക്കവും നടത്തി.

ചരിത്ര വിസ്‌മൃതിയിലേക്ക് ആണ്ടുപോയ ഈ കബറിടം പിന്നീട് ആകസ്മികമായാണ് കണ്ടെത്തിയത്. 1932-ൽ കോട്ടയം രൂപതാ മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ സെന്റ് കാതറിൻ കത്തീഡ്രൽ പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്ന് ധൂപക്കുറ്റി മറിഞ്ഞ് താഴെ വീഴുകയും മദ്ബഹായിലെ കയറ്റുപായ കത്തിപ്പോകുകയും ചെയ്തപ്പോൾ അത്ഭുതമെന്നപോലെ അവിടെ മാർ കരിയാറ്റിയുടെ കബറിടം കാണപ്പെട്ടു. അന്നുവരെ അജ്ഞാതമായിരുന്ന ആ കബറിടം അങ്ങനെ വീണ്ടും ജനശ്രദ്ധയിലേക്കു കടന്നു വന്നു. 1960-ൽ കബറിടം തുറക്കുകയും ശേഷിപ്പുകൾ - രക്തം അലിഞ്ഞു ചേർന്ന മണ്ണും, ഏതാനും ചില അസ്ഥികളും, അംശവസ്ത്രത്തിന്റെ ഭാഗങ്ങളും  പേടകത്തിനുള്ളിലാക്കി. 1960 ഡിസംബറിൽ പിതാവിൻ്റെ ഭൗതിക ശേഷിപ്പുകൾ അടങ്ങിയ പേടകവുമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ഗോവയിൽ നിന്ന് തിരിച്ചു.  എറണാകുളത്ത് എത്തിച്ചേർന്ന തിരുശേഷിപ്പ് പേടകം മാർ പാറേക്കാട്ടിലിൻ്റെ റോമാ സന്ദർശനം മൂലം താത്കാലികമായി എറണാകുളം അരമനയിൽ സൂക്ഷിച്ചു.

1961 ഏപ്രിൽ 11-ന് സഭാ തലവനെ സ്വീകരിക്കുന്ന അതേ ആദരവോടെയും ആഘോഷങ്ങളോടുകൂടിയും മാർ കരിയാറ്റിൽ പിതാവിൻ്റെ തിരുശേഷിപ്പ് ആലങ്ങാട് പള്ളിയിലേക്ക് ആനയിച്ചു. എണ്ണമറ്റ പൊൻ - വെളളി കുരിശുകളുടെയും ജനസഹസ്രങ്ങളുടെയും സാന്നിധ്യത്തിൽ പിതാവിന് ജീവനോടെയിരിക്കുമ്പോൾ എന്നപോലെയുളള സ്വീകരണമായിരുന്നു അന്ന് നടന്നത്. ഇതിനായി 33 അടി നീളവും 16 അടി ഉയരമുള്ള "സ്റ്റെല്ലാ മാരിസ്" എന്ന പേരിൽ ഒരു പായ്ക്കപ്പൽ ലോറിയിൽ നിർമ്മിച്ച് തയാറാക്കി. ഏപ്രിൽ 11 ചൊവ്വാഴ്ച രാവിലെ ആലങ്ങാട് പള്ളിയിൽ വിവിധ സഭകളിലെ മേല്പട്ടക്കാരുടെയും പട്ടക്കാരുടെയും സാന്നിധ്യത്തിൽ പേടകത്തിന് സ്വീകരണം നൽകി. ആഘോഷമായ റാസകുർബാനയെ തുടർന്ന് വൈകുന്നേരം മൂന്നുമണിക്ക് പിതാവിൻ്റെ കബറടക്കം അത്യാഢംബരപൂർവ്വം നടത്തപ്പെട്ടു.

കാലപ്രവാഹത്തിൽ പുതുതലമുറ മറന്നു തുടങ്ങിയ ആ പുണ്യ സഭാസ്നേഹിയുടെ കബറിടം പുനരുദ്ധരിക്കുവാൻ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലും ഇപ്പോഴത്തെ ഇടവക വികാരി ഫാ. പോൾ ചുള്ളിയിലും കൈക്കാരൻമാരും ഇടവക പൊതുയോഗവും എടുത്തിരിക്കുന്ന നടപടികൾ ചരിത്രത്തോട് നീതിപുലർത്തുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.