ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയോ ഏതെങ്കിലും ക്രിസ്ത്യന്‍ മന്ത്രിയോ കൈകാര്യം ചെയ്യണം: എന്തുകൊണ്ട്?...

ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയോ ഏതെങ്കിലും ക്രിസ്ത്യന്‍ മന്ത്രിയോ കൈകാര്യം ചെയ്യണം: എന്തുകൊണ്ട്?...

കൊച്ചി: കേരളത്തിലെ ന്യുനപക്ഷ വകുപ്പ് ഒരു മുസ്ലിം ക്ഷേമ വകുപ്പ് മാത്രമായി മാറിയ സാഹചര്യത്തിലാണ് ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയോ ഏതെങ്കിലും ക്രിസ്ത്യന്‍ മന്ത്രിയോ കൈകാര്യം ചെയ്യണം എന്ന ആവശ്യം ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ ശക്തമാകുന്നത്. 2011 സെന്‍സസ് പ്രകാരം 18.3 ശതമാനം ക്രിസ്ത്യാനികള്‍ ഉള്ള കേരളത്തില്‍ ക്രൈസ്തവര്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ഒരു സ്ഥാപനവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതിലും ക്രൈസ്തവ പ്രാധിനിത്യം ഇല്ല. ഉള്ളതില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ല.

ന്യൂനപക്ഷ കമ്മീഷന്‍

ക്രിസ്ത്യന്‍ പ്രതിനിധിയായിഒരു വനിത മാത്രമാണ് ന്യൂനപക്ഷ കമ്മീഷനിലുള്ളത്. ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ഒരു സമുദായത്തില്‍ നിന്നാണെങ്കില്‍ രണ്ടാമത്തെ അംഗം മറ്റൊരു സമുദായത്തില്‍ നിന്നും ആയിരിക്കണം എന്നായിരുന്നു പൊതു ധാരണ. എന്നാല്‍ കഴിഞ്ഞ ഇടയ്ക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ ഇതിലെ 'മറ്റൊരു' എന്നത് 'ഒരു' ആക്കി മാറ്റി നിയമസഭയില്‍ പാസാക്കിയെടുത്തു. അങ്ങനെ മൂന്ന് അംഗങ്ങള്‍ ഉള്ളതില്‍ ചെയര്‍മാനും രണ്ടാമത്തെ അംഗവും മുസ്ലിം വിഭാഗത്തില്‍ നിന്നും ഒരു വനിതാ പ്രതിനിധി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമായി.

സച്ചാര്‍ കമ്മീഷനിലെ മുസ്ലിം പരിഗണന വിഷയങ്ങള്‍ പോലെ തന്നെ, ക്രിസ്ത്യന്‍ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, പിന്നോക്കാവസ്ഥയെ സംബന്ധിച്ച് ലഭിച്ച നിരവധി അപേക്ഷകളില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഒമ്പത് ജില്ലകളില്‍ പ്രത്യേക സിറ്റിങ് വച്ചിരുന്നു. ധാരാളം ക്രിസ്ത്യന്‍ പ്രതിനിധികള്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി.

80:20 അനുപാതം പിന്‍വലിക്കുക, ക്രിസ്ത്യന്‍ പിന്നോക്കാവസ്ഥയെ പറ്റി പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സംവരണം ഏര്‍പ്പെടുത്തുക, ക്രിസ്ത്യാനികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക എന്നിങ്ങനെ നിരവധി പ്രധാന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നില്ല എന്ന വിചിത്ര നിലപാടാണ് ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്വീകരിച്ചത്. ഒന്നര വര്‍ഷം ആയിട്ടും ഈ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് കമ്മീഷന്‍ ചെയര്‍മാന്‍ സമര്‍പ്പിച്ചിട്ടില്ല.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

ഈ വകുപ്പില്‍ ക്രിസ്ത്യന്‍ പ്രതിനിധികള്‍ ചുരുക്കം മാത്രമാണ്. ആനുപാതിക ക്രമം പാലിച്ചിട്ടില്ല.

കേരള സംസ്ഥാന വഖഫ് ബോര്‍ഡ്

ഇത് മുസ്ലീങ്ങളുടെ ക്ഷേമത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്നു.

കേരള ഹജ്ജ് കാര്യ വകുപ്പ്

ഇതും മുസ്ലിം വിഭാഗത്തിന് മാത്രമാണ്.

ചുരുക്കത്തില്‍ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് തുകയുടെ 90 ശതമാനത്തില്‍ അധികവും മുസ്ലിം വിഭാഗത്തിന് ആയിട്ടാണ് കേരളത്തില്‍ വകയിരുത്തിയിരിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ ഉള്ളതിന്റെ പതിനെട്ടില്‍ ഒന്ന് ശതമാനം മാത്രം ക്രൈസ്തവരുള്ള ആന്ധ്രാപ്രദേശിലെ കാര്യമെടുക്കാം. 2011 ലെ സെന്‍സസ് പ്രകാരം വെറും 1.34 ശതമാനം മാത്രം ക്രൈസ്തവരുള്ള ആന്ധ്രാപ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കായി പ്രത്യേക ധനകാര്യ കോര്‍പ്പറേഷന്‍ തന്നെയുണ്ട്.

അതിലൂടെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീ റിഇമ്പേര്‍സ്‌മെന്റ്, സ്വയം തൊഴിലിന് ധനസഹായം, തൊഴില്‍ പരിശീലനവും തൊഴിലും, പള്ളി പണിയാനും പുനരുദ്ധാരണത്തിനും സഹായം, പള്ളിക്കൂടങ്ങള്‍, പള്ളിവക വൃദ്ധ സദനങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ പണിയുവാന്‍ സാമ്പത്തിക സഹായം, ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകള്‍, മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, യുവാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍, ക്രിസ്ത്യന്‍ സംസ്‌കാരം പരിപോഷിപ്പിക്കാന്‍ സഹായങ്ങള്‍, വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് സബ്‌സിഡി തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്.

ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ക്രൈസ്തവര്‍ ചതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുക്കുന്ന എല്ലാ സ്‌കോളര്‍ഷിപ്പിലും മറ്റ് പദ്ധതികളിലും 80:20 എന്ന അനുപാതമാണ് സ്വീകരിച്ചു വരുന്നത്. അതായത് എത്ര അപേക്ഷകള്‍ വന്നാലും 80 ശതമാനം മുസ്ലീങ്ങള്‍ക്കാണ്. ബാക്കിയുള്ള 20 ശതമാനം മാത്രമാണ് ബാക്കിയുള്ള അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിലാണ് ഈ സ്ഥിതി എന്നതാണ് ഏറെ പ്രതിഷേധാര്‍ഹം.

വിശുദ്ധ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പോലും 80 ശതമാനം മുസ്ലീം സമുദായത്തിനാണ്. 20 ശതമാനം മാത്രമാണ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെല്ലാം കൂടി ലഭ്യമാകുന്നത്. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിലും മറ്റു സ്‌കോളര്‍ഷിപ്പുകളിലുമെല്ലാം ഇതേ അനുപാതം തന്നെയാണ് നടപ്പിലാക്കിയിരിക്കുന്നത്.

80:20 കണക്കുപറഞ്ഞ് ഒരു വിചിത്ര കാര്യവും കൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയില്‍വേ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് എല്ലാമായി സൗജന്യ കോച്ചിംഗ് സെന്ററുകള്‍ സര്‍ക്കാര്‍ ചിലവില്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടത്തുന്നുണ്ട്. നാല്‍പ്പത്തഞ്ചിലധികമുള്ള ഇത്തരം കേന്ദ്രങ്ങളില്‍ 95 ശതമാനത്തിലധികവും മദ്രസകള്‍ കേന്ദ്രീകരിച്ചും മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിലുമാണ് അനുവദിച്ചിരിക്കുന്നത്. മാത്രമല്ല 100 കുട്ടികളെ തിരഞ്ഞെടുക്കുന്നതില്‍ 80 ശതമാനം മുസ്ലിം വിഭാഗമായിരിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ 20 ശതമാനത്തിലധികം ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് ഫണ്ട് വകയിരുത്തുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം. കോട്ടയം ജില്ലയില്‍ നിന്ന് ഈരാറ്റുപേട്ടയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ് 25 പ്രദേശങ്ങള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഈ പദ്ധതിയോട് അനുബന്ധമായി പത്തനംതിട്ട ഒഴിച്ച് കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും മൂന്നു പേരെ കമ്മിറ്റി അംഗങ്ങള്‍ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 39 അംഗങ്ങള്‍ ഉള്ളതില്‍ 30 അംഗങ്ങള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും ഏഴ് അംഗങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സിഖ്, ജൈന വിഭാഗങ്ങളില്‍ നിന്നുമായി ഓരോരുത്തരുമാണുള്ളത്. ക്രിസ്ത്യാനികള്‍ ധാരാളമായുള്ള ഇടുക്കി ജില്ലയില്‍ നിന്നും ഒരു ക്രിസ്ത്യാനി പോലും അതിലില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

ഒരു സണ്‍ഡേ സ്‌കൂള്‍ അധ്യാപകന് സര്‍ക്കാര്‍ വക ശമ്പളമോ, ആനുകൂല്യങ്ങളോ ഒന്നും തന്നെയില്ല. എന്നാല്‍ ഒരു മദ്രസ അധ്യാപകന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നിന്ന് സ്വന്തം വിവാഹത്തിനും മക്കളുടെ വിവാഹത്തിനും ധനസഹായം, വീട് പണിയാന്‍ സാമ്പത്തിക സഹായം, ചികിത്സാ ധനസഹായം, പലിശ രഹിത ലോണ്‍ സൗകര്യം, പെന്‍ഷന്‍, മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്, ഉറുദുവും അറബിയും പഠിക്കുന്നവര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും ആനുകൂല്യങ്ങളും നല്‍കി വരുന്നു. ഇതു കൂടാതെ കോടിക്കണക്കിന് ന്യൂനപക്ഷ ഫണ്ട് വിനിയോഗിച്ച് ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വെച്ച് കാലിക്കട്ട,് കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ ഇസ്ലാമിക ചെയര്‍ നടപ്പിലാക്കുന്നു.

80 ശതമാനം ന്യുനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമേ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഒ.ബി.സി ക്യാറ്റഗറിയില്‍ സംവരണം ലഭ്യമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ സീറ്റ്, ഫീസ് ഇളവ് തുടങ്ങിയവ ലഭിക്കുന്നു. ഇനി ഇത്തരം ആനുകൂല്യങ്ങള്‍ കിട്ടാത്തവരുണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് വഴി എംബിബിഎസ്, ബിടെക്, എംബിഎ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പലിശ രഹിത ലോണ്‍ ലഭ്യമാകുന്നു. ക്രിസ്ത്യാനി ആയതുകൊണ്ട് ക്രിസ്ത്യന്‍ ദളിത് സഹോദരങ്ങള്‍ക്ക് എസ്.സി, എസ്.ടി സംവരണം പോലും നിഷേധിച്ചിരിക്കുന്നു. എന്തുകൊണ്ട് ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ഇതെല്ലാം നഷ്ടമാകുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഏറുകയാണ്.

ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമ പ്രകാരം ഇന്ത്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1992 ലാണ്. 2006 ല്‍ സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യമന്ത്രാലയം സ്ഥാപിച്ചു. ഇന്ത്യയില്‍ നിലവില്‍ ആറ് വിഭാഗങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ എന്ന് തിരിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി. 2008 ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ക്രമേണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2011 ജനുവരി ഒന്നിന് രൂപീകരിക്കപ്പെടുകയും ചെയ്തു 2014 ലാണ് ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.