ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ്; രാജ്യത്ത് മൃഗങ്ങളില്‍ സ്ഥിരീകരിക്കുന്നത് ആദ്യം; മറ്റു മൃഗങ്ങളും നിരീക്ഷണത്തില്‍

ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ്; രാജ്യത്ത് മൃഗങ്ങളില്‍ സ്ഥിരീകരിക്കുന്നത് ആദ്യം; മറ്റു മൃഗങ്ങളും നിരീക്ഷണത്തില്‍

ഹൈദരാബാദ്: ഇന്ത്യയില്‍ ആദ്യമായി മൃഗങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക്ക് സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായത്. വരണ്ട ചുമ, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധന നടത്തിയത്.

നിരവധി സഞ്ചാരികള്‍ എത്തുന്ന നെഹ്‌റു പാര്‍ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളിലൊന്നാണ്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് സിംഹങ്ങളില്‍ കോവിഡ് കണ്ടെത്തിയത്. ഇതോടെ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പരിശോധനാഫലം പുറത്തുവരൂ. മനുഷ്യരില്‍ നിന്നാണോ സിംഹങ്ങള്‍ക്ക് രോഗബാധയുണ്ടായതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും.

ശ്വാസകോശം അടക്കമുള്ള ആന്തരിക അവയവങ്ങളില്‍ കോവിഡ് ബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ സി.ടി. സ്‌കാന്‍ ചെയ്‌തേക്കും. 380 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഏകദേശ 1500- മൃഗങ്ങളാണുള്ളത്. ഏപ്രില്‍ 24 മുതല്‍ സിംഹങ്ങള്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. രോഗം ബാധിച്ച സിംഹങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും അവയെ പരിപാലിക്കുന്ന ജീവനക്കാരോട്് മാസ്‌ക് ധരിക്കണമെന്നും മറ്റ് സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മൃഗശാലയിലെ മറ്റു മൃഗങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ അടച്ചിട്ടിരിക്കുകയാണ്. ഈയിടെ ഇവിടത്തെ 24 സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ലോകത്ത് ആദ്യമായല്ല. 2020 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ നാലു വയസുള്ള കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.