തിരുവല്ല: മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

'ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ബിഷപ്പുമാരെ ഒരാളായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. അദ്ദേഹം ജീവിതത്തിലുടനീളം മനുഷ്യരാശിക്കു വേണ്ടി മഹത്തായ സേവനം ചെയ്തു. മതപരത, അനുകമ്പ, സേവനം എന്നിവയിലൂടെ ദശ ലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ചു. പ്രത്യേകിച്ച് താഴെക്കിടയിൽ ഉള്ളവർക്കും അദ്ദേഹം സഹായകനായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുയായികൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു' എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

" റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങൾക്കും അദ്ദേഹം ഓർക്കപ്പെടും. മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നു.'
എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റിലുടെ അനുശോചനം അറിയിച്ചു.

'പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്ന്' മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
'മാനുഷികതയും ദൈവീകതയും നിറഞ്ഞുനിന്ന ഒരു സഭാ ശ്രേഷ്ഠനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. കരുത്തുറ്റ സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് അദ്ദേഹം അനേകായിരങ്ങൾക്ക് ആത്മ ശക്തിപകർന്നു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ പ്രവർത്തനംകൊണ്ട് അനേകർക്ക് അദ്ദേഹം സംരക്ഷണവും ആശ്വാസവും നൽകി'യെന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
'വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണം ഏറെ വ്യസനത്തോടെയാണ് ഞാൻ ശ്രവിച്ചത്. മാനവികതയ്ക്കും സാഹോദര്യത്തിനും പ്രാധാന്യം നൽകിയ സർവ്വാദരണീയനായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമകൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനി. മാർത്തോമാ സഭയുടെയും സർവ്വോപരി പൊതുസമൂഹത്തിൻ്റെയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ഒരു ആത്മീയാചാര്യനെയാണ് നമുക്ക് നഷ്ടമായത്' എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലി പറഞ്ഞു.

മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും മലയാള സിനിമ താരങ്ങളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.