സിഡ്നി: ചൈനയില്‍ നിന്ന് 22 കിലോഗ്രാം ഹെറോയിന്‍ ഓസ്ട്രേലിയയിലേക്കു കടത്തിയ കേസില്‍ പെര്‍ത്ത് സ്വദേശിയായ 17 വയസുകാരി അറസ്റ്റില്‍. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും (എ.എഫ്.പി) ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സും (എ.ബി.എഫ്) സംയുക്തമായി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലെ വാര്‍ഡ്രോബില്‍നിന്നു ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച്ച അറസ്റ്റിലായ പെണ്‍കുട്ടിയെ പെര്‍ത്തിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം നിഷേധിച്ചു. പരമാവധി ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ചൈനയില്‍നിന്ന് ഓസ്ട്രേലിയയിലേക്കു മയക്കുമരുന്ന് കടത്താന്‍ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ചൈനയില്‍നിന്ന് സീല്‍ ചെയ്ത ഫോയില്‍ ബാഗുകളില്‍ നിറച്ച 74.5 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയില്‍സിലേക്കും കടത്താന്‍ ലക്ഷ്യമിട്ടിരുന്ന ലഹരിമരുന്ന് ചൈനീസ് ലോ എന്‍ഫോഴ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് എ.എഫ്.പിയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിന് വിപണിയില്‍ 55 മില്യണ്‍ ഡോളര്‍ വില വരുമെന്നു എ.എഫ്.പി കമാന്‍ഡര്‍ ഏഷ്യ പീറ്റര്‍ സൈക്കോറ അറിയിച്ചു. ഈ അളവിലുള്ള ലഹരിമരുന്ന് 745,000 ആളുകള്‍ക്ക് വില്‍ക്കാന്‍ കഴിയും.
ലഹരി മരുന്ന് അടങ്ങിയ പാക്കറ്റുകള്‍ സംശയം തോന്നിയ ചൈനീസ് അന്വേഷണ ഏജന്‍സികള്‍ തടഞ്ഞുവച്ചശേഷം എ.എഫ്.പിയുടെ ഗ്വാങ്‌ഷോ ഓഫീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23 വയസുള്ള ന്യൂ സൗത്ത് വെയില്‍സ് സ്വദേശിക്കെതിരേ മയക്കുമരുന്ന് കൈവശം വയ്ക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.