മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവല്ലയില്‍

മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ  കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവല്ലയില്‍

തിരുവല്ല: നിര്‍മ്മലമായ പൗരോഹിത്യ ജീവിതത്തിലൂടെയും ചിരി വഴികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിച്ച് ജാതിമത ഭേദമില്ലാതെ എല്ലാവരുടെയും മനസില്‍ വലിയ ഇടയനായ മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് (104) അന്ത്യാഞ്ജലി.

കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ത്തോമ്മ സഭ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് കുന്നില്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിക്കു സമീപം ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കബറിടത്തില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. മറ്റു ബിഷപ്പുമാര്‍ സഹകാര്‍മ്മികത്വം വഹിക്കും.

ഇന്ന് രാവിലെ എട്ടിന് കബറടക്ക ശുശ്രൂഷയുടെ മൂന്നാം ഭാഗം സഭാ ആസ്ഥാനത്തുള്ള ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും. നാലാം ഭാഗം ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വലിയ മെത്രാപ്പോലീത്തായുടെ ഭൗതിക ശരീരം കബറടക്കും. കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമാണ് ശുശ്രൂഷ നടത്തുന്നത്.

ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലര്‍ച്ചെ 1.15നാണ് കാലം ചെയ്തത്. സമൂഹത്തിലാകെ കരുണയുടെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തിയ, ഒരു നൂറ്റാണ്ടിലേറെ നീണ്ട ധന്യ ജീവിതത്തിനാണ് അന്ത്യമായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വിവിധ ക്രൈസ്ത സഭാ പിതാക്കന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ള പ്രമുഖര്‍ വലിയ തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇന്ന് രാവിലെ തിരുവല്ലയില്‍ എത്തും.

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഏറെ നാളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പരിചരണത്തിലായിരുന്നു. ഏപ്രില്‍ 23ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാര്‍ ക്രിസോസ്റ്റത്തെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം (68 വര്‍ഷം) മെത്രാനായിരുന്നതിന്റെ റെക്കാഡ് ക്രിസോസ്റ്റം തിരുമേനിക്കാണ്. 1978 മെയ് മാസം സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി. 1999 മാര്‍ച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പൊലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുമായി. 2007ല്‍ ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞു. കേരള കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്, നാഷണല്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ് എന്നിവയുടെ അമരക്കാരനുമായിരുന്നു.

വൈദിക പാരമ്പര്യമുള്ള കുമ്പനാട് അടങ്ങപ്പുറത്ത് കലമണ്ണില്‍ കുടുംബാംഗമാണ്. റവ.കെ.ഇ.ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.