ഷാർജ: കുട്ടികളുടെ വായനോത്സവത്തിന് ഈ മാസം 19 ന് ഷാർജ എക്സ്പോ സെന്ററില്‍ തുടക്കമാകും. കോവിഡ് സാഹചര്യത്തില്‍ സുരക്ഷാമുന്നൊരുക്കങ്ങളൊക്കെ പാലിച്ചുകൊണ്ടാണ് ഇത്തവണ വായനയുടെ വസന്തോത്സവം കുട്ടികളെത്തേടിയെത്തുന്നത്.
നിങ്ങളുടെ ഭാവനയ്ക്കായി എന്ന ആപ്തവാക്യത്തില്‍ ഷാർജ ബുക്ക് അതോറിറ്റിയാണ് മെയ് 19 നാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം നടത്തുന്നത്. 2020 ല്‍ കോവിഡിനെ തുടർന്ന് വായനോത്സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ വായനോത്സവത്തില്‍ ഇത്തവണ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനടക്കം പ്രത്യേകം കരുതലെടുക്കും.
ഓണ്‍ലൈനിലൂടെ സൗജന്യമായി രജിസ്ട്രേഷന്‍ നടത്തിയാണ് കുട്ടികളെ പ്രവേശിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും 2020 ലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെടുത്ത മുന്‍കരുതലുകള്‍ മുന്നിലുളളപ്പോള്‍ കുട്ടികള്‍ക്കായി സുരക്ഷിതവും സുഗമവുമായ കാര്യങ്ങളൊരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.
വായനയിലൂടെ ലോകത്തെയറിയുകയെന്ന ദീർഘവീക്ഷണമുളള ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും പത്നി ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് വായനോത്സവം നടക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ വാരാന്ത്യദിനങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും നാലുമണിക്ക് ശേഷമാണ് വായനോത്സവവേദി തുറക്കുക. പ്രവേശനത്തിനായി പ്രത്യേകം രജിസ്ട്രേഷനടക്കമുളള കാര്യങ്ങളും ഒരുക്കുന്നുണ്ട്.
'ഓരോ കുഞ്ഞുങ്ങളെയും നമ്മുടെ കുഞ്ഞുങ്ങളായി കാണുന്നു, അതുകൊണ്ടുതന്നെ അറിവിന്റേയും വായനയുടേയും അതിരുകളില്ലാത്ത ആകാശത്തേക്ക് അവരെ കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യമെന്നും' അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി കൂട്ടിചേർത്തു. എന്തൊക്കെ കാര്യങ്ങളാണ് ഇത്തവണ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുളളതെന്ന് ഷാർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ ജനറല്‍ കോർഡിനേറ്റർ കൗള അല്‍ മുജൈനി വിശദീകരിച്ചു. ഷാർജ പോലീസിന്റെയും ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടേയും എത്തിസലാത്തിന്റെയും സഹകരണത്തോടെയാണ് വായനോത്സവം നടക്കുക.
കുട്ടികളുടെ സുരക്ഷയുറപ്പാക്കാന്‍ ഷാർജ പോലീസിന്റെ സേവനമുണ്ടാകും. ഇത്തവണയും വായനോത്സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷാർജ പോലീസ് കമാന്റർ ഇന്‍ ചീഫ് മേജർ ജനറല്‍ സെയ്ഫ് അല്‍ സെറി അല്‍ ഷംസി പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ഭാവി കുഞ്ഞുങ്ങളിലാണ്. അവർക്കായി വായനോത്സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു എത്തിസലാത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അമീമിയുടെ പ്രതികരണം.
കുട്ടികള്‍ക്കായി കവിതാ മത്സരം
പ്രായത്തിനനുസരിച്ച് മൂന്ന് ഗ്രപ്പുകളാക്കി തിരിച്ച് കവിതാ മത്സരം നടക്കും. ഒന്നാം സമ്മാനം മൂവായിരം ദിർഹവും രണ്ടാം സമ്മാനം രണ്ടായിരം ദിർഹവും മൂന്നാം സമ്മാനം ആയിരം ദിർഹവുമാണ്.
സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം
മാസ്കിട്ട് സാമൂഹിക അകലം പാലിച്ച് സാനിറ്റെസറും മറ്റ് സുരക്ഷാമുന്‍കരുതലുമൊരുക്കിയാകും ഇത്തവണ വായനോത്സവം നടക്കുക. വായനോത്സവവേദി കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കും.
വായനോത്സവത്തിന്റെ പതിമൂന്നാം പതിപ്പ്
16 അന്താരാഷ്ട്ര എഴുത്തുകാരും 11 അറബ് എഴുത്തുകാരും വായനോത്സവത്തിന്റെ ഭാഗമാകും. അമേരിക്കന്‍ എഴുത്തുകാരനായ എബി കൂപ്പർ,മാറ്റ് ലമോഹെ, നാനെറ്റെ ഹെഫർമാന്‍,കെവിന്‍ ഷെറി, അംബികാ ആനന്ദ് എന്നിവരും ജപ്പാനില്‍ നിന്ന് മിസാക്കോ റോക്ക്സും കൊളംബിയയില്‍ നിന്ന് ക്ലോഡിയ റുവേഡയും പാകിസ്ഥാനില്‍ നിന്ന് സെനൂബിയ അർസലാനുമെത്തും.
15 രാജ്യങ്ങളില്‍ നിന്നുളള 169 പ്രസാധകരാണ് വായനോത്സവത്തിനെത്തുക. പാചക കോമിക് വിഭാഗങ്ങളിലായി 110 വർക്ക് ഷോപ്പുകളും അനുബന്ധ പരിപാടികളുമുണ്ടാകും.
ബുധനാഴ്ച ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളത്തിലാണ് അധികൃതർ കാര്യങ്ങള്‍ വിശദീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.