ലണ്ടന്‍: അയണ്‍ മാന്‍ എന്ന കോമിക് കഥാപാത്രത്തെ പോലെ മനുഷ്യര്‍ പറന്നുചെന്ന് യുദ്ധം ചെയ്യുന്നത് യാഥാര്‍ഥ്യമാകുന്ന കാലം വരുമോ? ബ്രിട്ടീഷ് നാവികസേന കഴിഞ്ഞ ദിവസം കടലില്‍ നടത്തിയ പരീക്ഷണം അങ്ങനൊരു കാലത്തിലേക്കുള്ള ചുവടുവയ്പ്പായി കാണാനാകും. ജെറ്റ്‌സ്യൂട്ട് ഉപയോഗിച്ച് മിലിട്ടറി ബോട്ടില്‍നിന്ന് സഞ്ചരിക്കുന്ന കപ്പലിലേക്ക് പറന്നു ചെന്നിറങ്ങിയുള്ള പരീക്ഷണമാണ് ബ്രിട്ടീഷ് നാവിക സേനാംഗങ്ങള്‍ വിജയകരമായി നടത്തിയത്.
ജെറ്റ് സ്യൂട്ട് നിര്‍മിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസുമായി സഹകരിച്ചായിരുന്നു പരീക്ഷണം. ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനും ജെറ്റ് സ്യൂട്ടിന്റെ ഉപജ്ഞാതാവുമായ ടെസ്റ്റ് പൈലറ്റ് റിച്ചാര്‍ഡ് ബ്രൗണിങിന്റെ നേതൃത്വത്തില്‍ റോയല്‍ മറൈന്‍സിന്റെ 42 കമാന്‍ഡോകളുടെ സംഘമാണ് എച്ച്.എം.എസ് ടമാര്‍ എന്ന പട്രോള്‍ കപ്പലില്‍ പരീക്ഷണം നടത്തിയത്. യു.കെയിലെ ദക്ഷിണ തീരത്തിനു സമീപമായിരുന്നു പരീക്ഷണം.
ജെറ്റ് സ്യൂട്ട് ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്റെ വീഡിയോ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണു പുറത്തു വിട്ടത്. അകലെയുള്ള ഒരു സ്പീഡ് ബോട്ടില്‍നിന്ന് ടെസ്റ്റ് പൈലറ്റ് ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് സഞ്ചരിക്കുന്ന കപ്പലിന്റെ ഡെക്കിലേക്ക് വേഗത്തില്‍ പറന്നിറങ്ങുന്നു. തുടര്‍ന്ന് ടെസ്റ്റ് പൈലറ്റ് കപ്പലില്‍നിന്ന് താഴേക്ക് ഇട്ട് കൊടുക്കുന്ന ഏണിയിലൂടെ ബോട്ടിലെത്തിയ കമാന്‍ഡോകള്‍ കയറിവരുന്നു. പറക്കുന്ന നാവികാംഗങ്ങളുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
സഞ്ചരിക്കുന്ന കപ്പലുകളില്‍ പറന്നു ചെന്നിറങ്ങാന്‍ ജെറ്റ് സ്യൂട്ടിന് എത്രത്തോളം പിന്തുണ നല്‍കാന്‍ കഴിയും എന്നറിയാന്‍ നിരവധി തവണ പരീക്ഷണം ഇതിനകം നടത്തി. സാധാരണ ഒരു ബോട്ടില്‍നിന്ന് ഏണി ഉപയോഗിച്ചു മാത്രമേ സഞ്ചരിക്കുന്ന കപ്പലിലേക്ക് കയറാനാകൂ. ഇത് വളരെ സാവധാനം നടക്കുന്ന ബുദ്ധമുട്ടേറിയ പ്രക്രിയയാണ്. ഹെലികോപറ്ററില്‍നിന്നു കപ്പലിലേക്ക് ഇറങ്ങാനും ഏറെ സൂക്ഷ്മത വേണം. എന്നാല്‍ ഇവിടെ ജെറ്റ് സ്യൂട്ടിന്റെ ഉപയോഗം ഈ പരിമിതികളെ മറികടക്കുന്നു.
അതുമാത്രമല്ല കപ്പലിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വേഗത്തില്‍ ഇറങ്ങാന്‍ ജെറ്റ് സ്യൂട്ടിന് കഴിയും. നിരവധി തവണ നടത്തിയ പരിശീലനങ്ങള്‍ക്ക് ശേഷമായിരുന്നു പരീക്ഷണം. അതേസമയം, ജെറ്റ് സ്യൂട്ടിന് വേണ്ടിവരുന്ന തുക വളരെ വലുതാണ്. ഒരു ഗ്രാവിറ്റി ജെറ്റ് സ്യൂട്ടിന് ഏകദേശം 4,30,000 ഡോളറാണ് വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.